/kalakaumudi/media/media_files/2025/07/07/rajafd-2025-07-07-15-04-11.jpg)
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് രാജവെമ്പാലയെ കൂളായി പിടിച്ച് ബാഗിലാക്കുന്ന ഒരു വനിതാ ഫോറസ്റ്റ് ഓഫീസറുടെ ദൃശ്യങ്ങളാണ്. വാവ സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ മുമ്പ് രാജവമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കൊടും വിഷത്തെ ചിരിച്ചുകൊണ്ട് വരുതിയിലാക്കുന്ന വനിതക്ക് സല്യൂട്ടടിത്തുന്ന സോഷ്യല്‍ മീഡിയ ആളെയും കണ്ടെത്തിക്കഴിഞ്ഞു.
വിതുര പരുത്തിപ്പള്ളി റേഞ്ച് പരിധിയില്‍ വരുന്ന ആര്യനാട് പാലോട് സെക്ഷനിലെ പേപ്പാറ റോഡില്‍ മരുതന്‍ മൂടിയില്‍നിന്നാണ് റോഷ്നി ഉള്‍പ്പെട്ട സംഘം 18 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. മുന്‍പ് പല വിഷപ്പാമ്പുകളെയും പിടികൂടിയിട്ടുണ്ടെങ്കിലും രാജവെമ്പലയെ പിടിക്കുന്നത് ആദ്യമായാണെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി.എസ്.റോഷ്നി പറയുന്നു.
ആയിരത്തോളം പാമ്പുകളെ ഇതുവരെ പിടികൂടിയിട്ടുണ്ട്. വനംവകുപ്പില്‍ വന്നതിനു ശേഷമാണ് പാമ്പുകളെ പിടിക്കാനുള്ള ലൈസന്‍സ് എടുത്തത്. എന്നെക്കൊണ്ടു കഴിയും എന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. വീട്ടുകാര്‍ക്കൊക്കെ പേടിയുണ്ട്. പാമ്പുകള്‍ ഉള്‍പ്പെടെ വന്യമൃഗങ്ങളെ ഇഷ്ടമാണ്. ഇഷ്ടമില്ലെങ്കിലാണ് അവയെ തൊടാനൊക്കെ അറയ്ക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ പേര്‍ വൊളന്റിയേഴ്സ് ആയി എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ വനംവകുപ്പിന് കഴിയുന്നുണ്ടെന്നും റോഷ്നി പറഞ്ഞു.
പാമ്പുകളെ എങ്ങനെ ശാസ്ത്രീയമായി പിടികൂടി ഉള്‍വനത്തില്‍ വിടാമെന്ന് വനംവകുപ്പ് കൃത്യമായി പരിശീലനം നല്‍കിയിട്ടുണ്ടെന്നും ആ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും റോഷ്നി പറഞ്ഞു. ആളുകള്‍ കുളിക്കുന്ന സ്ഥലത്ത് പാമ്പിനെ കണ്ടെന്നാണ് ഇന്നലെ അറിയിപ്പു ലഭിച്ചത്. ഉടന്‍തന്നെ സ്ഥലത്തെത്തി. രാജവെമ്പാലയെ പിടികൂടുകയെന്നത് പാമ്പുകളെ പിടിക്കുന്നവരുടെ വലിയ ആഗ്രഹമാണ്. എന്റെയും വലിയ ആഗ്രഹമായിരുന്നു. അതു സാധിച്ചതില്‍ സന്തോഷമുണ്ട്. പേടിയൊന്നും തോന്നിയില്ല. പേടിയുണ്ടെങ്കില്‍ ഈ പണി ചെയ്യാന്‍ പറ്റില്ല. രാജവെമ്പാല എങ്ങനെയാവും പ്രതികരിക്കുക എന്നതു സംബന്ധിച്ച് കൃത്യമായ അറിവുണ്ട്. അതൊക്കെ മനസ്സില്‍ വച്ചാണ് പ്രവര്‍ത്തിച്ചത്. ഇതിലും അക്രമകാരിയാണ് അണലിയെന്നും റോഷ്‌നി പറയുന്നു.