വേട്ടക്കാരും ഇരകളും മാറുമ്പോൾ; ജനാധിപത്യം ഡിജിറ്റൽ ആൾക്കൂട്ടത്തിന് വഴിമാറരുത്

ക്യാമറക്കണ്ണിനും ആത്മഹത്യയ്ക്കും ഇടയിൽ പെട്ട് ചർച്ചയാവുകയാണ്. ബസ്സിലും ട്രെയിനിലും യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന ലൈംഗികമായ അതിക്രമങ്ങൾ ദശാബ്ദങ്ങളായി തുടരുന്ന ഒന്നാണ്.

author-image
Ashraf Kalathode
New Update
down

വേട്ടക്കാരും ഇരകളും മാറുമ്പോൾ; ജനാധിപത്യം ഡിജിറ്റൽ ആൾക്കൂട്ടത്തിന് വഴിമാറരുത്

അഷ്റഫ് കാളത്തോട്

കേരളത്തിലെ പൊതുയിടങ്ങൾ സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷിതമാണ് എന്ന ചോദ്യം വീണ്ടും ഒരു ക്യാമറക്കണ്ണിനും ആത്മഹത്യയ്ക്കും ഇടയിൽ പെട്ട് ചർച്ചയാവുകയാണ്. ബസ്സിലും ട്രെയിനിലും യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന ലൈംഗികമായ അതിക്രമങ്ങൾ ദശാബ്ദങ്ങളായി തുടരുന്ന ഒന്നാണ്. ഇതിനെതിരെ പ്രതികരിക്കുന്നതും തെളിവുകൾ സഹിതം പൊതുസമൂഹത്തിന് മുന്നിൽ കുറ്റവാളികളെ തുറന്നുകാട്ടുന്നതും അഭിനന്ദനാർഹമായ മാറ്റമാണ്. എന്നാൽ, ഈ പ്രതികരണങ്ങൾക്കൊപ്പം വളരുന്ന 'സൈബർ നീതിപീഠങ്ങൾ' യഥാർത്ഥത്തിൽ നീതിയാണോ നടപ്പിലാക്കുന്നത് അതോ മറ്റൊരു അനീതിക്ക് വളമിടുകയാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

സ്ത്രീകളുടെ സുരക്ഷയ്ക്കും അന്തസ്സിനും വേണ്ടി ശബ്ദമുയർത്തുന്ന ശ്രീജ നെയ്യാറ്റിൻകരയെപ്പോലുള്ളവർ ഉന്നയിക്കുന്ന ഒരു കാര്യമുണ്ട്; "മര്യാദയ്ക്ക് യാത്ര ചെയ്യുന്ന ആണുങ്ങളെ ആരും വീഡിയോ പിടിക്കാൻ വരുന്നില്ല". ഈ വാക്കുകളിൽ വലിയൊരു സത്യമുണ്ട്. അനാവശ്യ സ്പർശനങ്ങൾ അവകാശമായി കാണുന്നവർ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, ആ ശിക്ഷ തീരുമാനിക്കേണ്ടത് തെളിവുകൾ പരിശോധിക്കുന്ന നീതിന്യായ വ്യവസ്ഥയാകണം, അല്ലാതെ വൈകാരികമായി പ്രതികരിക്കുന്ന ഒരു കൂട്ടം സോഷ്യൽ മീഡിയ ഉപയോക്താക്കളല്ല.

നാം ഇന്ന് ജീവിക്കുന്നത് ഒരു വീഡിയോ കൊണ്ട് ആരെയും നായകനാക്കാനും വില്ലനാക്കാനും കഴിയുന്ന 'ഫ്രെയിം' ചെയ്യപ്പെട്ട കാലത്താണ്. തിരക്കേറിയ ഒരു ബസ്സിലെ കാമറ ദൃശ്യത്തിൽ കാണുന്ന സ്പർശനം മനപ്പൂർവ്വം ആണോ അതോ സാഹചര്യങ്ങൾ കൊണ്ട് സംഭവിച്ചതാണോ എന്ന് തിരിച്ചറിയാൻ ആ വീഡിയോ പങ്കുവെക്കുന്നയാൾ എഴുതുന്ന കുറിപ്പിന് സാധിക്കില്ല. സത്യം വെളിപ്പെടുന്നതിന് മുൻപേ സോഷ്യൽ മീഡിയ വിധി പ്രസ്താവിക്കുന്നു. മാനഹാനി ഭയന്ന് ഒരാൾ ആത്മഹത്യയിൽ അഭയം തേടുമ്പോൾ, ആ മരണം അയാൾ കുറ്റവാളിയാണെന്നുള്ളതിന്റെ അന്തിമ മുദ്രയായി മാറുന്നു. ഇവിടെയാണ് നാം പരാജയപ്പെടുന്നത്. മരണം കൊണ്ട് ഒരാൾ സത്യസന്ധനാകുന്നില്ല എന്നതുപോലെ തന്നെ, ഒരു ആരോപണം കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയുമാകുന്നില്ല.

സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ തുറന്നു പറയണം, അവ പുറംലോകത്തെ അറിയിക്കണം. എന്നാൽ അത് നിയമത്തിന് കൈമാറാനുള്ള തെളിവായിരിക്കണം, ഒരാളെ സ്വയം നീതി നടപ്പിലാക്കി ഇല്ലാതാക്കാനുള്ള ആയുധമാകരുത്. ഒരു ആത്മഹത്യയുടെ പേരിൽ പൊതുസമൂഹം നടത്തുന്ന നിലവിളികളെ ശ്രീജ നെയ്യാറ്റിൻകര 'ഓരിയിടൽ' എന്ന് വിശേഷിപ്പിക്കുമ്പോൾ, അവിടെ മറ്റൊരു സത്യം വിസ്മരിക്കപ്പെടുന്നു; നീതി എന്നത് ഇരയ്ക്കും വേട്ടക്കാരനും ഒരുപോലെ അർഹതപ്പെട്ടതാണ്. അത് തെളിവുകളിലൂടെയും സാക്ഷികളിലൂടെയും മാത്രമേ ഉറപ്പാക്കാൻ കഴിയൂ.

സ്ത്രീകളുടെ പ്രതികരണ ശേഷി വർധിക്കുന്നത് കേരളത്തിന് അഭിമാനമാണ്. എന്നാൽ ആ പ്രതികരണം വിവേകപൂർണ്ണമായിരിക്കണം. ഫോട്ടോയോ വീഡിയോയോ ഉപയോഗിച്ച് ഒരാളെ പരസ്യമായി ക്രൂശിക്കുന്നതിന് മുൻപ്, നിയമപരമായ മാർഗ്ഗങ്ങൾ തേടുകയാണ് വേണ്ടത്. അല്ലെങ്കിൽ, നാളെ ഏതൊരു നിരപരാധിയും ഒരു ക്യാമറയ്ക്ക് മുന്നിൽ പകച്ചു നിൽക്കേണ്ടി വരും. അന്തസ്സോടെയും ഭയമില്ലാതെയും യാത്ര ചെയ്യാൻ പെണ്ണിനും ആണിനും ഒരേപോലെ കഴിയണം. ആ സുരക്ഷ ഉറപ്പാക്കേണ്ടത് ആൾക്കൂട്ട വിചാരണകളിലൂടെയല്ല, മറിച്ച് ശക്തമായ നിയമനടപടികളിലൂടെയും സാമൂഹികമായ ബോധവൽക്കരണത്തിലൂടെയുമാകണം.

Democracy indian democracy