/kalakaumudi/media/media_files/m2tpDJM4vHNpqL1xADe1.jpg)
കൊച്ചി: സംവിധായകനും ഇടത് എം.എൽ.എയുമായിരുന്ന പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ചലച്ചിത്രപ്രവർത്തക ഡോ. ആശ ആച്ചി ജോസഫ് ലൈംഗികാതിക്രമ പരാതി നൽകിയിരുന്നുവെന്ന് സ്ഥിരീകരിച്ച് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി. പരാതി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും വിഷയത്തിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സതീദേവി പറഞ്ഞു. ലൈംഗിക അതിക്രമത്തിന് ഇരയായതിനെക്കുറിച്ച് ആച്ചി കഴിഞ്ഞദിവസം തുറന്നെഴുതിയിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീദേവി.
പ്രമുഖർക്കെതിരെ പരാതി നൽകുമ്പോൾ പരാതിക്കാരെ നിശബ്ദരാക്കാൻ സമ്മർദ്ദങ്ങൾ ഉണ്ടാകാറുണ്ട്. ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ധാരണയുടെ ഭാഗമാണ്. യുവതി ധൈര്യപൂർവം ഇക്കാര്യം തുറന്നുപറയാൻ തയ്യാറായത് അഭിനന്ദനാർഹമാണെന്നും അവരുടെ തുറന്നെഴുത്തിനെ സ്വാഗതം ചെയ്യുന്നുവെന്നും സതീദേവി പറഞ്ഞു.
പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ആശ ആച്ചി ജോസഫ് നേരത്തെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഏറെ വൈകിയെന്നും മാദ്ധ്യമങ്ങൾ വാർത്തയാക്കുന്നതുവരെ അധികൃതർ കാത്തിരുന്നതായും ആച്ചി തുറന്നെഴുതി. തന്നെ പിന്തിരിപ്പിക്കാനും ഒത്തുതീർപ്പിനും ശ്രമങ്ങൾ നടന്നുവെന്നും എന്നാൽ അത്തരം അപമാനങ്ങളിൽനിന്ന് തന്നെ ഒഴിവാക്കി നിറുത്തണമെന്നുമാണ് ആശ തന്റെ കുറിപ്പിലൂടെ പങ്കുവച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
