മുടിമുറിച്ചിട്ടും രക്ഷയില്ല; കടുത്ത വഴികളിലേക്ക് തള്ളിവിടരുതെന്ന് ആശമാര്‍

തല മുണ്ഡനം ചെയ്യുന്നതിനിടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പലവട്ടം അവര്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. പാവങ്ങളോട് ഈ കൊടുംചതി എന്തിനാണ് ചെയ്യുന്നതെന്നും അവര്‍ വിലപിച്ചു. 'ഈ പാപങ്ങളൊക്കെ ഇവര്‍ എവിടെ കൊണ്ടുപോയി തീര്‍ക്കും

author-image
Biju
New Update
fg

തിരുവനന്തപുരം : ആശമാരുടെ 50ാം ദിവസത്തെ സമരമുഖം ആവേശത്തിനൊപ്പം ഏറെ വൈകാരികവുമായിരുന്നു. രാവിലെ തന്നെ സമരവേദിയില്‍ എത്തിയ സ്ത്രീകള്‍ മുടി അഴിച്ചിട്ടാണ് ഇരുന്നിരുന്നത്. ഏറെ ഇഷ്ടപ്പെട്ട് പരിപാലിച്ചിരുന്ന മുടി കുറച്ചു സമയത്തിനുള്ളില്‍ ഇല്ലാതാകുമെന്ന വിഷമത്തിനപ്പുറം സര്‍ക്കാരിലുണ്ടായ പ്രതീക്ഷ തീര്‍ത്തും ഇല്ലാതായതിന്റെ സങ്കടമായിരുന്നു പലരുടേയും മുഖത്ത്. 

കുറച്ചു സമയം കൂടി മാത്രമേ ഈ മുടി നമുക്കൊപ്പമുള്ളൂവെന്നും അഴിച്ചിട്ട മുടിയുമായി സെക്രട്ടേറിയറ്റിനു മുന്നിലൂടെ പ്രകടനം നടത്താമെന്നും നേതാക്കളുടെ അറിയിപ്പു വന്നു. അതോടെ എല്ലാവരും ഒത്തുചേര്‍ന്ന് മുടി അഴിച്ചിട്ട് നഗരവീഥി ചുറ്റി വീണ്ടും സമരവേദിയിലെത്തി.

11 മണിയോടെ കയ്യില്‍ കരുതിയിരുന്ന കത്രികകള്‍ ഉപയോഗിച്ച് നേതാക്കള്‍ ഉള്‍പ്പെടെ മുടി മുറിച്ചു തുടങ്ങി. മറ്റുള്ളവര്‍ മുടി മുറിക്കുന്നത് കണ്ടു പിന്നില്‍നിന്ന ആശമാരുടെ കണ്ണുനിറഞ്ഞു. മുഖംപൊത്തി പലരും വിതുമ്പി. ഇതിനിടെ ഒരു ഭാഗത്ത് അപ്രതീക്ഷിതമായി ഒരു ആശാ പ്രവര്‍ത്തക തലമുടി മുഴുവന്‍ മുറിച്ചുമാറ്റാന്‍ സന്നദ്ധയായി എത്തി. 

തല മുണ്ഡനം ചെയ്യുന്നതിനിടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പലവട്ടം അവര്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. പാവങ്ങളോട് ഈ കൊടുംചതി എന്തിനാണ് ചെയ്യുന്നതെന്നും അവര്‍ വിലപിച്ചു. 'ഈ പാപങ്ങളൊക്കെ ഇവര്‍ എവിടെ കൊണ്ടുപോയി തീര്‍ക്കും. മുഖ്യമന്ത്രിയും ധനമന്ത്രിയും ആരോഗ്യമന്ത്രിയുമാണ് തങ്ങളുടെ ഈ നിലയ്ക്ക് ഉത്തരം പറയേണ്ടതെന്ന് കണ്ണീരോടെ അവര്‍ പറഞ്ഞു'. തുടര്‍ന്ന് മറ്റു ചില സ്ത്രീകള്‍ കൂടി തല മുണ്ഡനം ചെയ്തു.

ഇതിനിടെ ആശമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു പുരോഹിതനും മുടിമുറിക്കാന്‍ രംഗത്തെത്തി. പത്തനംതിട്ട വാര്യാപുരം സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക വികാരി രാജു പി.ജോര്‍ജാണ് മുടിമുറിച്ചത്. നോമ്പു കാലമാണെന്നും പാവപ്പെട്ട സ്ത്രീകളുടെ സമരത്തിന് പിന്തുണ നല്‍കാനാണ് എത്തിയതെന്നും രാജു പി.ജോര്‍ജ് പറഞ്ഞു. 

സമരവേദിയില്‍ വന്ന് ആശമാരുടെ പ്രതിഷേധം കണ്ടപ്പോഴാണ് മുടി മുറിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മുറിച്ച മുടിയും കയ്യില്‍ പിടിച്ച് ആശമാര്‍ വീണ്ടും പ്രകടനം നടത്തി. ഇതുകൊണ്ടെങ്കിലും അധികാരികളുടെ കണ്ണു തുറക്കുമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കും എന്നുമുള്ള പ്രതീക്ഷയാണ് സമരമുഖത്തുള്ള ആശമാര്‍ പങ്കുവച്ചത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണാ എസ്.നായര്‍ സമരവേദിയില്‍ എത്തി മുടിമുറിച്ചു. മനുഷ്യത്വം മരവിച്ച സര്‍ക്കാരിനുള്ള ഏറ്റവും വലിയ മുന്നറിയിപ്പാണ് സ്ത്രീകളുടെ ഈ സമരമെന്ന് വീണ പറഞ്ഞു. തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ കഴിയാത്ത ആശമാര്‍ സ്വന്തം ജില്ലകളില്‍ സമരത്തിന്റെ ഭാഗമായി മുടിമുറിച്ചുവെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ സമരക്കാര്‍ക്ക് പിന്തുണ അറിയിച്ച് സമരവേദിയില്‍ എത്തിയിരുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും ധൂര്‍ത്ത് അവസാനിപ്പിച്ചാല്‍ മാത്രം ആശമാര്‍ക്ക് വേതനം വര്‍ധിപ്പിച്ചു നല്‍കാന്‍ സര്‍ക്കാരിനു കഴിയുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വെറുതേ ഇട്ടിരിക്കുന്ന ഹെലികോപ്റ്ററിന് കൊടുക്കുന്ന വാടക ഉള്‍പ്പെടെ വന്‍ ധൂര്‍ത്താണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുറിച്ച മുടി സമരപ്പന്തലിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു. കൂടുതല്‍ കടുത്ത സമരമാര്‍ഗങ്ങളിലേക്ക് തള്ളിവിടരുതെന്നും എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഇടപെടണമെന്നും മിനി ആവശ്യപ്പെട്ടു.

 

asha workers