/kalakaumudi/media/media_files/2025/02/20/jzdXAbKFd33XvbEP4RVm.jpg)
തിരുവനന്തപുരം : വേതന വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 11 ദിവസമായി ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരത്തിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിലേക്ക് മാറ്റി.
പൊതുഗതാഗതവും കാല്‍നട സഞ്ചാരവും തടസപ്പെടുത്തിയുളള പ്രതിഷേധം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്ക് വന്നത്. ഇത്തരം കോടതിയലക്ഷ്യഹര്‍ജികള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലേക്ക് ഇത് കൈമാറാന്‍ രജിസ്ട്രിക്ക് കോടതി നിര്‍ദേശം നല്‍കി. ആശാ വര്‍ക്കര്‍മാരുടെ സമരം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല അടക്കമുളളവരെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹൈക്കോടതിയിലെ ഹര്‍ജി.
വേതന വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരം ശക്തമാക്കുകയാണ് ആശാ വര്‍ക്കര്‍മാര്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ മഹാ സംഗമ പ്രതിഷേധമാണ് ഇന്ന് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ വര്‍ക്കര്‍മാരെ ഉള്‍പ്പെടുത്തിയാണ് മഹാസംഗമം. രണ്ട് ദിവസം മുന്‍പ് ഇവരുടെ രണ്ട് മാസത്തെ വേതന കുടിശ്ശിക സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
പക്ഷേ സമരം പിന്‍വലിക്കാന്‍ ഇവര്‍ തയ്യാറായില്ല. കുടിശ്ശിക വേതനം നല്‍കുക എന്നുള്ളത് തങ്ങളുടെ ആവശ്യങ്ങളില്‍ ഒന്നുമാത്രമാണന്നും മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിച്ചാല്‍ മാത്രമെ സമരം പിന്‍വലിക്കുകയുള്ളുവെന്നുമാണ് ആശാ വര്‍ക്കര്‍മാരുടെ നിലപാട്. വേതനം നിലവിലുള്ള 7000 രൂപയില്‍ നിന്ന് 21000 രൂപയാക്കുക, പെന്‍ഷന്‍ അനുവദിക്കുക, വിരമിക്കുമ്പോള്‍ അഞ്ചു ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.