/kalakaumudi/media/media_files/2025/02/17/XbAPDo8Oid2POOF7I8he.jpg)
കൊച്ചി: റോഡുകളും പാതയോരങ്ങളും പൂര്‍ണമായി അടച്ചു കെട്ടിക്കൊണ്ട് പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് ജില്ലാ പൊലീസ് മേധാവികളോട് വീണ്ടും നിര്‍ദേശിച്ച് ഡിജിപിയുടെ സര്‍ക്കുലര്‍. വിവിധ തരത്തിലുള്ള ഉത്സവാഘോഷങ്ങളും മറ്റും നടത്തുമ്പോള്‍ റോഡ് പൂര്‍ണമായി അടയ്ക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും റോഡിന്റെ ഒരു ഭാഗത്ത് വാഹനങ്ങള്‍ കടന്നു പോകുന്നതിന് സൗകര്യമൊരുക്കുകയും വേണമെന്ന് ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
വഴി അടച്ചുകെട്ടി വിവിധ പരിപാടികള്‍ നടത്തിയത് സംബന്ധിച്ച കോടതിയലക്ഷ്യ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് പുതിയ സര്‍ക്കുലര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
അതിനിടെ, ആശാ വര്‍ക്കര്‍മാര്‍ തിരുവനന്തപുരത്ത് റോഡും നടപ്പാതകളും കയ്യേറി സമരം ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്ന ഹര്‍ജി ഇക്കാര്യം പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലേക്ക് മാറ്റാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
വഞ്ചിയൂര്‍, ബാലരാമപുരം, സെക്രട്ടറിയേറ്റിനു മുന്‍വശം, കൊച്ചിന്‍ കോര്‍പറേഷനു മുന്‍വശം തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സിപിഎം, സിപിഐ, കോണ്‍ഗ്രസ് പരിപാടികള്‍ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തിരുന്നു. ഇതിന്റെ വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് കഴിഞ്ഞ മാസമൊടുവില്‍ ഡിജിപി പുതിയ സര്‍ക്കുലര്‍ ഇറക്കിയതും ഈ മാസം അത് കോടതിയില്‍ സമര്‍പ്പിച്ചതും.
പാതകളിലും പാതയോരങ്ങളിലും പരിപാടികള്‍ നടത്തുന്നത് തടയുന്നതാണ് 2011ലെ നിയമമെങ്കിലും വിവിധ രീതിയിലുള്ള മത, ദേശീയ ഉത്സവങ്ങള്‍, സാമൂഹിക സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്കായി ഒരു നിശ്ചിത സമയത്തേക്ക് ജില്ലാ പൊലീസ് മേധാവിക്ക് അനുമതി നല്‍കാന്‍ കഴിയും.
ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പല ജില്ലകളിലും ഇത് പാലിക്കപ്പെടുന്നില്ലെന്നും അതിനാല്‍ പലപ്പോഴും കോടതിയലക്ഷ്യ നടപടികള്‍ ഉണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഡിജിപിയുടെ സര്‍ക്കുലര്‍. ഇത്തരത്തില്‍ പരിപാടികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ വാഹനങ്ങളുടെ തടസമില്ലാത്ത യാത്ര കൃത്യമായി ഉറപ്പാക്കിക്കൊണ്ടായിരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
എന്നാല്‍ പൊതുവഴികളും നടപ്പാതകളും തടയുന്നത് പൂര്‍ണമായി വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും അതിനാല്‍ ഡിജിപിയുടെ പുതിയ സര്‍ക്കുലര്‍ തന്നെ കോടതിയലക്ഷ്യമാണെന്നും കാട്ടി ഹര്‍ജിക്കാരിലൊരാളായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് ഇതിനെതിരെ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.