/kalakaumudi/media/media_files/2025/07/05/asnadva-2025-07-05-18-34-50.jpg)
കണ്ണൂര്‍: ബോംബേറില്‍, ആറു വയസ്സുള്ളപ്പോള്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ഷാര്‍ജയില്‍ എന്‍ജിനീയറായ ആലക്കോട് അരങ്ങം വാഴയില്‍ നിഖിലാണ് വരന്‍. 2000 സെപ്റ്റംബര്‍ 27നു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ എറിഞ്ഞ ബോംബ് വീണാണു ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടില്‍ അസ്‌നയ്ക്ക് കാല്‍ നഷ്ടമായത്.
വീട്ടുമുറ്റത്തു കളിക്കുമ്പോഴാണ് ബോംബ് വന്നു വീണത്. അസ്‌നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ അസ്‌നയുടെ കാല്‍ ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വച്ച് മുറിച്ചു മാറ്റുകയായിരുന്നു. പിന്നീട് കൃത്രിമ കാലുമായാണു ജീവിതം മുന്നോട്ടുകൊണ്ടുപോയത്. അക്രമരാഷ്ട്രീയത്തിന്റെ ഇരയായ അസ്‌ന പിന്നീട് അതിജീവനത്തിന്റെ പ്രതീകമാവുകയായിരുന്നു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണ് അസ്‌ന എംബിബിഎസ് നേടിയത്. ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. നിലവില്‍ വടകരയിലെ ക്ലിനിക്കില്‍ ഡോക്ടറാണ് അസ്ന. അസ്‌നയുടെ വീട്ടില്‍ വച്ചായിരുന്നു വിവാഹം.