ജൂനിയര്‍ അഭിഭാഷകക്ക് മര്‍ദനം: അഡ്വ. ബെയ്‌ലിന്‍ ദാസിനെതിരെ ബാര്‍ കൗണ്‍സിലിന്റെ നടപടി, 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും

ബെയ്‌ലിന്‍ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടന്‍ പുറത്തുവിടും. ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്താല്‍ അതുവരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല

author-image
Sneha SB
New Update
45678

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മുതിര്‍ന്ന അഭിഭാഷകനായ ബെയ്‌ലിന്‍ ദാസ് മര്‍ദിച്ച സംഭവത്തില്‍ നടപടിയുമായി ബാര്‍ കൗണ്‍സില്‍. ബെയ്‌ലിന്‍ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടന്‍ പുറത്തുവിടും. ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്താല്‍ അതുവരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല. നേരത്തെ ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്റെയും നടപടി.

നടപടി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് ബാര്‍ കൗണ്‍സില്‍ ഓണ്‍ലൈനായി യോഗം ചേരും. ബെയ്‌ലിന്‍ ദാസിനെതിരെ ശ്യാമിലി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. അഞ്ച് മാസം ഗര്‍ഭിണി ആയിരുന്ന സമയത്തും ബെയ്‌ലിന്‍ ദാസ് തന്നെ മര്‍ദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. സീനിയറായതുകൊണ്ടാണ് പരാതി നല്‍കാതിരുന്നതെന്നും ശ്യാമിലി പരാതിയില്‍ പറയുന്നു. ഇന്നലെ തന്നെ നിരവധി തവണ മര്‍ദ്ദിച്ചു. മൂന്നാമത്തെ അടിക്കുശേഷം ബോധം നഷ്ടപ്പെട്ടുവെന്നും അഡ്വക്കേറ്റ് ശ്യാമിലി വിശദമാക്കി.

അതേ സമയം അഭിഭാഷകയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. പൊലീസ് പൂന്തുറയില്‍ എത്തിയതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അഡ്വക്കേറ്റ് ബെയ്‌ലിന്‍ ദാസ് രക്ഷപ്പെടുകയാണ് ചെയ്തത്. അതിക്രമത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

domestic violence abuse Attack advocate