/kalakaumudi/media/media_files/2026/01/24/sobha-sure-2026-01-24-10-16-21.jpg)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥി പട്ടികയിൽ ശോഭാ സുരേന്ദ്രനും. ആലപ്പുഴ ജില്ലയിലെ അരുരോ, കായംകുളത്തോ സ്ഥാനാർഥിയാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ.
ഈ രണ്ട് സീറ്റുകളും വിട്ട് നൽകാൻ ബിഡിജെഎസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. എറണാകുളം ജില്ലയിലെ ആറ് മണ്ഡലങ്ങൾ പുതുതായി എൻഡിഎയിലെത്തിയ ട്വന്റി20 നൽകാനും സാധ്യതയുണ്ട്. ആദ്യഘട്ട സ്ഥാനാർഥി പട്ടിക 27നോ, 28നോ പുറത്തിറക്കുമെന്നാണ് വിവരം.
ബിജെപിയുടെ വിജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവും. വട്ടിയൂർക്കാവിനായി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പേരും പാലക്കാടിനൊപ്പം പരിഗണനയിലുണ്ട്.
ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയെ പരിഗണിക്കുമോയെന്നും കണ്ടറിയണം. വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള സന്നദ്ധത നടൻ ജി കൃഷ്ണകുമാറും അറിയിച്ചിട്ടുണ്ട്.നേമത്തെ സ്ഥാനാർഥി പ്രഖ്യാപനം നേരത്തെ തന്നെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു.
വി മുരളീധരൻ കഴിഞ്ഞ തവണ മത്സരിച്ച കഴക്കൂട്ടത്ത് തന്നെ മത്സരിക്കാനാണ് സാധ്യത. 2021ൽ എൻഡിഎ നാലാം സ്ഥാനത്തായ കുന്നത്ത്‌നാട്, പെരുമ്പാവൂർ. കോതമംഗലം, മൂവാറ്റുപുഴ, വൈപ്പിൻ, കൊച്ചി എന്നീ മണ്ഡലങ്ങളിലാകും ട്വന്റി20 മത്സരിക്കുക. ഇവിടെയെല്ലാം മൂന്നാം സ്ഥാനത്തായിരുന്നു ട്വന്റി 20.
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, സഹചുമതലയുള്ള ശോഭ കരന്തലജെ എന്നിവർ അടുത്ത ആഴ്ച എത്തുന്നതോടെ സീറ്റ് വിഭജന ചർച്ചകൾ സജീവമാകും. ചൊവ്വാഴ്ചയോ, ബുധനാഴ്ചയോ ആദ്യഘട്ട സ്ഥാനാർഥി പട്ടികയുണ്ടായേക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
