നിയമസഭാ തെരഞ്ഞെടുപ്പ് ;കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്

സ്ഥാനാർത്ഥി നിർണയത്തിനുള്ള പൊതുമാനദണ്ഡം യോഗത്തിൽ തീരുമാനിച്ചേക്കും. സീറ്റു വെച്ചുമാറ്റ സാധ്യതകളും യോഗത്തിൽ ചർച്ചയായേക്കും. സിറ്റിങ്ങ് എംഎൽഎമാരിൽ ബഹുഭൂരിപക്ഷത്തിനും വീണ്ടും സീറ്റ് ലഭിച്ചേക്കും

author-image
Devina
New Update
congre

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, സ്ഥാനാർത്ഥി നിർണയം അടക്കമുള്ള ചർച്ചകളിലേക്ക് കോൺഗ്രസ്. കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

 സ്ഥാനാർത്ഥി നിർണയത്തിനുള്ള പൊതുമാനദണ്ഡം യോഗത്തിൽ തീരുമാനിച്ചേക്കും. സീറ്റു വെച്ചുമാറ്റ സാധ്യതകളും യോഗത്തിൽ ചർച്ചയായേക്കും.

സിറ്റിങ്ങ് എംഎൽഎമാരിൽ ബഹുഭൂരിപക്ഷത്തിനും വീണ്ടും സീറ്റ് ലഭിച്ചേക്കും. പാലക്കാട് മണ്ഡലത്തിൽ നിലവിലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകില്ല.

 ലൈംഗികപീഡനക്കേസിൽപ്പെട്ട രാഹുലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. തൃപ്പൂണിത്തുറയിൽ കെ ബാബുവിന് പകരം സ്ഥാനാർത്ഥിയെ സംബന്ധിച്ചും ചർച്ചയായേക്കും.

ആശയക്കുഴപ്പമുള്ള സീറ്റുകളിൽ സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടേക്കും.തെരഞ്ഞെടുപ്പ് സമിതി യോഗം വ്യാഴാഴ്ച വരെ നീണ്ടു നിൽക്കും. സ്ഥാനാർത്ഥി നിർണയത്തിൽ അഭിപ്രായം അറിയാൻ ജില്ലകളിലെ കോർ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവരിൽ നിന്നും ജില്ല തിരിച്ച് നേതൃത്വം കൂടിക്കാഴ്ച നടത്തും.

കൊച്ചിയിലെ മഹാപഞ്ചായത്ത് യോഗത്തിലെ അവഗണനയിൽ പ്രതിഷേധിച്ച് ഇടഞ്ഞു നിൽക്കുന്ന ശശി തരൂർ എംപി തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. തരൂരിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമായി നടക്കുന്നുണ്ട്.