/kalakaumudi/media/media_files/2026/02/11/suicide-in-kerala-2026-02-11-12-24-40.jpg)
തിരുവനന്തപുരം: കേരളത്തിൽ 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ ആത്മഹത്യകളുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി റിപ്പോർട്ട്. 2025 ലെ കണക്ക് പ്രകാരം ഒരു ദിവസം ഒരു ആത്മഹത്യ എന്ന നിലയിലേക്ക് കൗമാരക്കാരുടെ ഇടയിലുള്ള ആത്മഹത്യകൾ വർധിച്ചതായി പൊലീസ് പറയുന്നു.
2024ൽ 332 ആത്മഹത്യ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2023ൽ ഇത് 270 മാത്രമായിരുന്നു. എന്നാൽ 2025ൽ കൗമാരക്കാരുടെ ഇടയിലുള്ള ആത്മഹത്യ 359 ആയി വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 73 കേസുകൾ 14 വയസ്സിന് താഴെയുള്ളവരാണ്. 14-18 വയസ്സ് പ്രായമുള്ളവരിലാണ് 286 ആത്മഹത്യകളെന്നും കണക്ക് ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 54 എണ്ണം. തൊട്ടുപിന്നിൽ കൊല്ലമാണ്. 42 എണ്ണം. ആകെ ആത്മഹത്യകളിൽ 190 പേർ പെൺകുട്ടികളും 169 പേർ ആൺകുട്ടികളുമാണ്. കൗമാരക്കാരുടെ ഇടയിൽ ആത്മഹത്യ വർദ്ധിച്ചുവരുന്നത് സമൂഹത്തിലെ ആത്മഹത്യാ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കാണണമെന്ന് കൊല്ലത്തെ ഗവൺമെന്റ് എംസിഎച്ചിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. മോഹൻ റോയ് പറഞ്ഞു.
അക്കാദമിക് സമ്മർദ്ദം, അധ്യാപകരുടെ പീഡനം, കുടുംബ പ്രശ്‌നങ്ങൾ, മാതാപിതാക്കളുമായുള്ള ചെറിയ വഴക്കുകൾ തൊട്ട് പ്രണയ പരാജയങ്ങൾ വരെ കൗമാരക്കാരുടെ ഇടയിലുള്ള ആത്മഹത്യയ്ക്കുള്ള വ്യത്യസ്ത കാരണങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
