/kalakaumudi/media/media_files/2026/03/02/m-swaraj-2026-03-02-13-01-17.jpg)
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ എം സ്വരാജും മുൻമന്ത്രി എംഎം മണിയും മത്സരിച്ചേക്കില്ലെന്ന് സൂചന. തൃപ്പൂണിത്തുറയിൽ സ്വരാജിനെ മത്സരിപ്പിക്കണമെന്ന എറണാകുളം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സിപിഎം സംസ്ഥാന നേതൃത്വം തള്ളി. കൊച്ചി മുൻ മേയർ എം അനിൽകുമാറിനേയും സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ചിട്ടില്ല. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം ബി ഷൈനി ഇക്കുറി ജില്ലയിൽ സ്ഥാനാർത്ഥിയാകും.തൃപ്പൂണിത്തുറയിൽ വൈപ്പിൻ എംഎൽഎയായ കെ എൻ ഉണ്ണികൃഷ്ണനെയാണ് സിപിഎം നേതൃത്വം പരിഗണിക്കുന്നത്.
ഈഴവ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിലേക്ക് മാറ്റുന്നത്. പകരം വൈപ്പിനിലേക്കാണ് അഡ്വ. എം ബി ഷൈനിയെ പരിഗണിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല എന്ന് സ്വരാജ് പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എറണാകുളത്തും തൃക്കാക്കരയിലും സ്ഥാനാർത്ഥികൾ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ഉടുമ്പൻചോലയിൽ എംഎം മണി ഇത്തവണ മത്സരിച്ചേക്കില്ല. ഉടുമ്പൻചോല നിലനിർത്താൻ എംഎം മണി തന്നെ മത്സരിക്കണമെന്നായിരുന്നു സിപിഎം ഇടുക്കി ജില്ലാ നേതൃത്വം വിലയിരുത്തിയത്. ഇതേത്തുടർന്ന് ഉടുമ്പൻചോലയിൽ മണിയുടെ പേരാണ് ജില്ലാ കമ്മിറ്റി സിപിഎം സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. എന്നാൽ മണിക്ക് പകരം ഇടുക്കി മുൻ ജില്ലാ സെക്രട്ടറിയും നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ കെ ജയചന്ദ്രൻ മത്സരിക്കട്ടെ എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട്.മുതിർന്ന നേതാക്കളായ ഡോ. തോമസ് ഐസക്ക്, സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു എന്നിവരും മത്സരരംഗത്തുണ്ടാകില്ലെന്നാണ് വിവരം. മുൻമന്ത്രി കെ കെ ശൈലജയുടെ സ്ഥാനാർത്ഥിത്വത്തിൽ സെക്രട്ടേറിയറ്റ് യോഗത്തിൽ വലിയ ചർച്ചയുണ്ടായി. എന്തുകൊണ്ട് തഴയുന്നുവെന്ന് ശൈലജ ചോദിച്ചു. ശൈലജയെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. ഒടുവിൽ മട്ടന്നൂരിനു പകരം പേരാവൂരിൽ മത്സരിപ്പിക്കാമെന്ന നിർദേശം ഉയർന്നു. ഇതിനോട് ശൈലജ പ്രതികരിച്ചിട്ടില്ല. നാളെയും മറ്റന്നാളുമായി ചേരുന്ന സിപിഎം നേതൃയോഗങ്ങളിൽ സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ രൂപമാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
