നിയമസഭാ തെരഞ്ഞെടുപ്പ് ; കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാൻ നീക്കം ശക്തമാകുന്നു

തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന കേന്ദ്രത്തിനെതിരായ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരത്തിൽ നിന്നും ജോസ് കെ മാണി വിട്ടുനിന്നത് കേരള കോൺഗ്രസിന്റെ മുന്നണി മാറ്റ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു

author-image
Devina
New Update
jose k mani

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കേ, കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ നീക്കം ശക്തമാകുന്നു.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ജോസ് കെ മാണിയെയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി വിളിച്ച് യുഡിഎഫില്‍ ചേരാന്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

 സോണിയയും ജോസും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായി.

എഐസിസി ജനറൽ സെക്രട്ടഫി കെ സി വേണുഗോപാലാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്ന് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

 സോണിയാഗാന്ധിയുമായുള്ള ടെലഫോൺ സംഭാഷണം ജോസ് കെ മാണിയുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ വിഷയത്തിൽ ജോസ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.

 കേരള കോൺഗ്രസിനെ മുന്നണിയിലെത്തിക്കാൻ കത്തോലിക്കാ സഭയുടെ പിന്തുണയോടെ കോൺഗ്രസിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളാണ് തന്ത്രപരമായ നീക്കം നടത്തുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിനെ ശക്തിപ്പെടുത്തുക എന്നതു ലക്ഷ്യമിട്ടാണ് നീക്കം.

യുഡിഎഫിലെ രണ്ടാമത്തെ വലിയ ഘടകമായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും ഈ നീക്കത്തിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്.

 മുന്നണി മാറ്റത്തിൽ ജോസ് കെ മാണിക്ക് അനുകൂല സമീപനമാണ് ഉള്ളതെന്നാണ് സൂചന.കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല.

 തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന കേന്ദ്രത്തിനെതിരായ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരത്തിൽ നിന്നും ജോസ് കെ മാണി വിട്ടുനിന്നത് കേരള കോൺഗ്രസിന്റെ മുന്നണി മാറ്റ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു.

 എൽഡിഎഫിന്റെ 'കേരള യാത്ര'യിൽ ജോസ് പങ്കെടുക്കുമോയെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.