/kalakaumudi/media/media_files/2025/09/14/niyamasabha-2025-09-14-15-15-05.jpg)
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ പലതരം വിവാദങ്ങൾ കത്തിനിൽക്കെ നിയമസഭ സമ്മേളനം നാളെ തുടങ്ങും. ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. രാഹുൽ വന്നാൽ നേരത്തെ പിവി അൻവർ ഇരുന്ന പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം. സർക്കാറിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുൽ വിവാദത്തിൽ പ്രതിപക്ഷം പ്രതിരോധത്തിലാണ്. പൊലീസ് അതിക്രമങ്ങളുടെ പരമ്പരയാണ് സർക്കാറിന്റെ പ്രധാന തലവേദന.ഭരണപക്ഷത്തെ നേരിടാൻ ആവനാഴിയിൽ അനവധി ആയുധങ്ങളുമായെത്തുന്ന പ്രതിപക്ഷത്തെയാണ് സമീപകാല സഭാ സമ്മേളനങ്ങളിലെല്ലാം കണ്ടത്. ഇത്തവണയും വിവാദ വിഷയങ്ങൾ അനേകമുണ്ട്. ഒപ്പം നിലമ്പൂർ പിടിച്ചതിന്റെ ആവേശവുമുണ്ട്. എന്നാൽ സഭയിലും പുറത്തും കുന്തമുനയായിരുന്ന യുവ എംഎൽഎ ലൈംഗിക ആരോപണക്കുരുക്കിൽ പെട്ടത് പ്രതിപക്ഷത്തെ വല്ലാതെ ഉലക്കുന്നു. രാഹുലിനെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ ശ്രമമുണ്ടായി. എന്നാൽ രാഹുലിനെതിരായ നടപടി കോൺഗ്രസ്സിൽ ഉണ്ടാക്കിയത് അസാധാരണ പ്രതിസന്ധിയാണ്.
നടപടിയിൽ പ്രതിപക്ഷനേതാവ് ഉറച്ചുനിൽക്കുമ്പോൾ, തിരികെ കൊണ്ടുവരണമെന്ന നിലപാടിലാണ് എ ഗ്രൂപ്പും മറ്റൊരു വിഭാഗം നേതാക്കളും. രാഹുൽ ആകട്ടെ വീട്ടിൽ നിന്നിറങ്ങുന്നുമില്ല. രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. പാർലമെൻററി പാർട്ടിയിൽ നിന്ന് ഒഴിവാക്കി പ്രതിപക്ഷനേതാവ് സ്പീക്കർക്ക് കത്ത് നൽകി. എന്നാൽ രാഹുലിനോട് വരേണ്ടെന്ന് പറയാനാകില്ല പാർട്ടിക്ക്. രാഹുൽ വന്നാൽ പ്രത്യേക ബ്ളോക്കിലിരിക്കേണ്ടി വരും. പക്ഷെ വന്നാൽ ഭരണനിര എന്തുചെയ്യും? പ്രതിഷേധമുണ്ടായാൽ കോൺഗ്രസ് കവചമൊരുക്കുമോ അങ്ങനെ ആകാംക്ഷ അനേകമാണ്.ഭരണപക്ഷത്ത് മുകേഷും ശശീന്ദ്രനും ഉള്ളപ്പോൾ ഒരുപരിധിക്കപ്പുറം കടന്നാക്രമണത്തിന് ഭരണപക്ഷത്തിനും പരിമിതിയുണ്ട്. പൊലീസ് അതിക്രമങ്ങളും മുഖ്യമന്ത്രിയുടെ മൗനവും ആദ്യ ദിനം മുതൽ സഭയിൽ ആഞ്ഞുപിടിക്കാനാണ് പ്രതിപക്ഷശ്രമം. അതിക്രമങ്ങളിൽ മുഖ്യമന്ത്രി മൗനം വെടിയുന്നതും സഭയിലായിരിക്കും. അയ്യപ്പ സംഗമം, തൃശൂരിൽ സിപിഎമ്മിനെ പിടിച്ചുലച്ച ശബ്ദരേഖയും ചൂടേറിയ ചർച്ചക്ക് ഇടയാക്കും. ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊലല്ലാൻ അതിവേഗം ഉത്തരവിടാനുള്ള നിയമഭേദഗതി അടക്കമുള്ള ബില്ലുകളും സഭയിലെത്തും. ഒക്ടോബർ 10 വരെയാണ് സമ്മേളനം.