/kalakaumudi/media/media_files/2025/02/21/feubXLkHso0t6yEhr5kc.jpg)
കോടനാട് : ചികിത്സകളും പ്രാര്‍ത്ഥനകളും വിഫലമായി. അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പന്‍ ചരിഞ്ഞു. മയക്കുവെടി വച്ച് കോടനാട് എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചതോടെ ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ നടത്തിയ പരിശോധനയിലും മുറിവിനുളളില്‍ നിന്ന് പുഴുക്കളെ പുറത്തെടുത്തിരുന്നു. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി ബാധിച്ചതോടെ ശ്വാസം എടുക്കാനും ആന ബുദ്ധിമുട്ടിയിരുന്നു. ഇതാണ് മരണകാരണമായത്.
ബുധനാഴ്ച രാവിലെയാണ് അതിരപ്പള്ളിയില്‍ നിന്നും കൊമ്പനെ മയക്കുവെടി വച്ച് ചികിത്സക്ക് വേണ്ടി കോടനാട് എത്തിച്ചത്. അതിന് മുമ്പ് കഴിഞ്ഞ മാസം 24ന് ആനയ്ക്ക് ചികിത്സ നല്‍കിയതാണെങ്കിലും നില വഷളായതിനെ തുടര്‍ന്നാണ് കോടനാടേക്ക് മാറ്റി ചികിത്സ നല്‍കാന്‍ വനം വകുപ്പ് തീരുമാനിച്ചതും കുങ്കിയാനകളുടെ സഹായത്തോടെ ആനയെ പിടികൂടിയതും.