/kalakaumudi/media/media_files/2025/02/19/V5TSl6StGt4PcOwLiE2W.jpg)
തൃശൂര്‍: അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ കണ്ടെത്തി മയക്കുവെടി വച്ചു. രാവിലെ 7.15 ഓടെയാണ് ആനയെ മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളില്‍ ആന നിലത്തേക്ക് വീണു. പിന്നിട് ഒമ്പതുമണിയോടെ എഴുന്നേറ്റ് നിന്നു. തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെ അനിമല്‍ ആംബുലന്‍സില്‍ കയറ്റി. ഇനി കോടനാട്ടെ ആന പരിപാലനകേന്ദ്രത്തിലെത്തിച്ച് ചികിത്സതുടരും.
ഈഴാറ്റുമുഖം ഗണപതി എന്ന മറ്റൊരു കൊമ്പനെ ചാരിയായിരുന്നു മയക്കുവെടിയേറ്റ ആന മുന്നോട്ടു പോയിരുന്നത്. വനംവകുപ്പ് ജീവനക്കാര്‍ പടക്കം പൊട്ടിച്ചതോടെ ഗണപതി മസ്തകത്തില്‍ പരിക്കേറ്റ കൊമ്പനെ തട്ടിയിട്ട ശേഷം മുന്നോട്ടു ഓടിപ്പോയി. ഇതോടെയാണ് ആന നിലത്ത് വീണത്. ജെസിബി ഉപയോഗിച്ച് വഴി തുരന്ന ശേഷമാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്.
ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിനുള്ളത്. വെറ്റിലപ്പാറ പുഴയോട് ചേര്‍ന്ന പതിനാലാം ബ്ലോക്കിലായിരുന്നു ആനയുണ്ടായിരുന്നത്.
ആനക്കൂടിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. എലിഫന്റ് ആംബുലന്‍സും ഇന്നലെ രാത്രിയോടെ സജ്ജമായി. രണ്ടാം ഘട്ട ചികിത്സ ദൗത്യത്തിന് ചീഫ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ വിദഗ്ധ സംഘമാണ് അതിരപ്പിള്ളിയിലുള്ളത്. വനംവകുപ്പിന്റെ 80 ജീവനക്കാരാണ് ദൗത്യത്തിനായി തയ്യാറാകുന്നത്.
പരിക്കേറ്റ ആനയുടെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ഒരു മാസത്തിനുള്ളില്‍ വീണ്ടും മയക്കുവെടി വെക്കുന്നതില്‍ ആശങ്കയുണ്ടെന്ന് നേരത്തെ തന്നെ ഡോക്ടറും വനംവകുപ്പും അറിയിച്ചിരുന്നു. അതിനാല്‍ വലിയ ഡോസില്‍ മയക്കുവെടിവെച്ചിരുന്നില്ല. കോടനാട് എത്തിച്ചാലും മസ്തകത്തിലുള്ള പരിക്കായതിനാല്‍, കൂട്ടില്‍ കയറ്റി കഴിഞ്ഞ് തലകൊണ്ട് മരത്തടിയില്‍ ഇടിച്ചാല്‍ പരിക്ക് ഗുരുതരമാകുമെന്നും സംശയമുണ്ട്.