ഒറ്റപ്പാലത്തെ സഹകരണ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവയ്ക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വേങ്ങശ്ശേരി സ്വദേശികളായ തണ്ടറോട്ട് പാറയ്ക്കല്‍ പ്രദീപ്കുമാര്‍ (51), ചോറോട്ടില്‍ കൃഷ്ണപ്രസാദ് (35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് പ്രദീപ്കുമാര്‍ മൂന്ന് പവന്റെ സ്വര്‍ണമാലയുമായി ഒറ്റപ്പാലം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രധാന ശാഖയിലെത്തിയത്. സാധനം കണ്ട് സംശയം തോന്നിയ ജീവനക്കാര്‍ ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്.
വ്യാജ 916 മുദ്രയോടുകൂടിയ മാലയുടെ കൊളുത്ത് സ്വര്‍ണമാണെന്നും കണ്ടെത്തി. വിവരമറിഞ്ഞ് ബാങ്കിലെത്തിയ പോലീസ് പ്രദീപ്കുമാറിനെ കയ്യോടെ പിടികൂടി. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് മാല കൊടുത്തുവിട്ടത് സുഹൃത്ത് കൃഷ്ണപ്രസാദ് ആണെന്ന് മൊഴി ലഭിച്ചത്. തുടര്‍ന്ന് ഇയാളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒറ്റപ്പാലം പോലീസ് ഇന്‍സ്‌പെക്ടര്‍ എ. അജീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.