വനിതാ ഡോക്ടറെ കത്രികകൊണ്ട് കുത്താൻ ശ്രമം, പ്രതികൾ പിടിയിൽ

ഒന്നാം പ്രതിയുടെ തലയ്‌ക്കേറ്റ മുറിവ് ചികിത്സിക്കാനെത്തിയതായിരുന്നു ഇരുവരും. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ഒന്നാം പ്രതിയോട് ഒപി ടിക്കറ്റെടുക്കാന്‍ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

author-image
Prana
New Update
arrest

തിരുവനന്തപുരം: ചികിത്സയ്ക്കിടെ ഡോക്ടറെ ആക്രമിക്കുകയും ആശുപത്രി അടിച്ചുതകര്‍ക്കുകയും ചെയ്ത പ്രതികള്‍ പിടിയില്‍. തിരുവനന്തപുരത്തെ കല്ലറ തറട്ട സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ തിങ്കളാഴ്ച രാത്രി 11:35-ഓടെയാണ് സംഭവം. കല്ലറ കാട്ടുപുറം സ്വദേശി അരുണ്‍ (35), മുണ്ടോണിക്കര സ്വദേശി ശ്യാം നായര്‍ (43) എന്നിവരെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയുടെ തലയ്‌ക്കേറ്റ മുറിവ് ചികിത്സിക്കാനെത്തിയതായിരുന്നു ഇരുവരും. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ഒന്നാം പ്രതിയോട് ഒപി ടിക്കറ്റെടുക്കാന്‍ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പ്രകോപിതനായ ഇയാള്‍ ഡോക്ടറെ അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു.തുടര്‍ന്ന് ഇയാളുടെ മുറിവില്‍ ഡോക്ടറും നേഴ്‌സുമാരും ചേര്‍ന്ന് മരുന്ന് വെക്കുന്നതിനിടെ രണ്ടാം പ്രതി മുറിയിലേക്ക് അതിക്രമിച്ച് കയറി വീഡിയോ പകര്‍ത്തി. ഇത് തടയാന്‍ ശ്രമിച്ച ഡോക്ടറേയും നേഴ്‌സുമാരേയും രണ്ട് പ്രതികളും വീണ്ടും ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു ആക്രമണം.ഇഞ്ചക്ഷന്‍ റൂമില്‍ കയറി കത്രിക എടുത്താണ് ഒന്നാം പ്രതി ഡോക്ടറെ കുത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് രണ്ട് പ്രതികളും ചേര്‍ന്ന് ആശുപത്രിയിലെ മരുന്ന് ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു. ഉടന്‍ ഡോക്ടര്‍ പാങ്ങോട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പെട്ടെന്ന് തന്നെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിയ പോലീസ് അക്രമം നടത്തുകയായിരുന്ന പ്രതികളെ പിടികൂടി. ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.പാങ്ങോട് എസ്എച്ച്ഒ ജിനേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ വിജിത്ത് കെ. നായര്‍, എസ്‌സിപിഒ ദിലീപ്, റെജിമോന്‍, സജിത്ത്, സിപിഒ സിദ്ധിക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

stab