/kalakaumudi/media/media_files/2025/05/19/p0IIfB5pC7WDZ6OZI0zz.webp)
തിരുവനന്തപുരം: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്കു നേരെ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിനു പിന്നിൽ സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് എന്ന് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ ആരോപിച്ചു.
​സനാതന ധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് അഭിഭാഷക വേഷധാരിയായ ഒരാൾ കോടതി മുറിയിൽ വെച്ച് ജസ്റ്റിസ് ഗവായിക്കു നേരെ ഷൂ എറിയാൻ ശ്രമിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഈ അതിക്രമത്തെ "നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ചുരുക്കി കാണാൻ കഴിയില്ല" എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
​"സംഘപരിവാറിന്റെ വിഷലിപ്തമായ വർഗ്ഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉൽപ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ," മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
​ആർഎസ്എസും അതിൻ്റെ പരിവാരവും നൂറു വർഷംകൊണ്ട് സൃഷ്ടിച്ചുവെച്ച അസഹിഷ്ണുതയാണ് ഇതിൻ്റെ ഇന്ധനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിക്കു നേരെ നിറയൊഴിക്കാൻ മടിച്ചിട്ടില്ലാത്ത വർഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓർമ്മിപ്പിക്കുന്ന സംഭവമാണ് സുപ്രീം കോടതിയിൽ ഇന്ന് ഉണ്ടായത്.
​ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസ്സാരവൽക്കരിക്കാനാവില്ലെന്നും, സംഘപരിവാർ മുന്നോട്ടുവെക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.