ആറ്റുകാലല്‍ പൊങ്കാലപുണ്യം

പണ്ടാര അടുപ്പില്‍നിന്നു പകരുന്ന ദീപമാണ് ഭക്തരുടെ ലക്ഷക്കണക്കിന് അടുപ്പുകളെ ജ്വലിപ്പിക്കുക. ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍കുത്തും

author-image
Biju
Updated On
New Update
yu

representational image

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല പുണ്യം തേടി ഭക്തലക്ഷങ്ങള്‍ തലസ്ഥാനത്ത് എത്തി. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി ഭക്തര്‍ ദിവസങ്ങള്‍ക്ക് മുമ്പേ തലസ്ഥാനത്ത് എത്തിയിരുന്നു. വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍, നാനാദിക്കുകളില്‍നിന്ന് പ്രാര്‍ഥനയോടെ എത്തിയ ഭക്തലക്ഷങ്ങള്‍ നഗരവീഥികളില്‍ നിറഞ്ഞു.

രാവിലെ 9.45 ന് ശുദ്ധപുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. 10.15ന് അടുപ്പുവെട്ട്. കണ്ണകി ചരിതത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിയാലുടന്‍ തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.മുരളീധരന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നുള്ള ദീപം ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ പകരും. 

ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും പകരും. ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും അകമ്പടിയേകും.

പണ്ടാര അടുപ്പില്‍നിന്നു പകരുന്ന ദീപമാണ് ഭക്തരുടെ ലക്ഷക്കണക്കിന് അടുപ്പുകളെ ജ്വലിപ്പിക്കുക. ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍കുത്തും. 

11.15 ന് മണക്കാട് ധര്‍മശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്. നാളെ രാവിലെ 5ന് ശാസ്താ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 1ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

  • Mar 13, 2025 17:51 IST

    തരിണിയ്ക്ക് ഒപ്പം പൊങ്കാലയര്‍പ്പിച്ച് പാര്‍വതി

    2024 ഡിസംബര്‍ എട്ടിനായിരുന്നു താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാമിന്റെയും നീലഗിരി മസിനഗുഡി സ്വദേശിയും മോഡലുമായ തരിണി കലിംഗരായരുടെയും വിവാഹം. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും.  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു കാളിദാസ്- തരിണി വിവാഹം.

    വിവാഹശേഷം, ആദ്യമായി പൊങ്കാലയിട്ടിരിക്കുകയാണ് തരിണി. പാര്‍വതിയ്ക്ക് ഒപ്പമാണ് തരിണി പൊങ്കാലയ്ക്ക് എത്തിയത്.

    കഴിഞ്ഞ നവംബറില്‍ ചെന്നൈയില്‍ വച്ചായിരുന്നു കാളിദാസും തരിണി കരിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പ് കൂടിയായ തരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. 16-ാം വയസ്സുമുതല്‍ മോഡലിംഗ് രംഗത്ത് സജീവമാണ് തരിണി.

     

    tdy



  • Mar 13, 2025 14:19 IST

    പൊങ്കാല നിവേദിച്ചു, ഭക്തലക്ഷങ്ങള്‍ മടക്കം തുടങ്ങി

    തിരുവനന്തപുരം: തലസ്ഥാനത്തെ ഭക്തി സാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ, നഗരത്തില്‍ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു. ആറ്റുകാല്‍ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങള്‍ മടങ്ങുകയായി. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും. 

    ഇത്തവണ തലസ്ഥാന ന?ഗരിയില്‍ പൊങ്കാല സമര്‍പ്പണത്തിന് മുന്‍വര്‍ഷങ്ങളിലേക്കാള്‍ തിരക്കാണ് ദൃശ്യമായത്. കേരളത്തിന്റെ പല ജില്ലകില്‍ നിന്നായി സ്ത്രീജനങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാനെത്തി.ഇത്തവണ സിനിമാസീരിയല്‍ താരങ്ങള്‍ക്കൊപ്പം  സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമിരിക്കുന്ന ആശാ വര്‍ക്കര്‍മാരും പൊങ്കാല അര്‍പ്പിച്ചു. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി പൊലീസ് ഒരുക്കിയിരുന്നത്. 

    കടുത്ത വേനലായതുകൊണ്ട് തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നേരം 3 മണിമുതല്‍ ആരംഭിക്കുന്നതിനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനം മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനായി നഗരസഭ ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ ആകെ 3204 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. 

    പൊങ്കാലയ്ക്ക് ശേഷം ബാക്കിയാവുന്ന ചുടുകല്ലുകള്‍ അതിദരിദ്ര്യ/ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കുന്നതിന് നഗരസഭ തീരുമാനിച്ചിട്ടുണ്ട്. പൊങ്കാല ഉപയോഗശേഷം ചുടുകട്ടകള്‍ കേടുപാട് സംഭവിക്കാത്ത തരത്തില്‍ അതാത് സ്ഥലങ്ങളില്‍ സുരക്ഷിതമായി മാറ്റിവയ്ക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടു. 

    അനധികൃതമായി ചുടുകല്ലുകള്‍ ശേഖരിക്കുന്നതും സാമ്പത്തിക ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നതും അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നതിന് കാരണമാകും. സുരക്ഷിതമായി പൊങ്കാലയിടാന്‍ ഭക്തജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മേയര്‍ പറഞ്ഞു.



  • Mar 13, 2025 11:30 IST

    സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍

    തിരുവനന്തപുരം: ആറ്റുകാല്‍ ദേവിക്ക് ഭക്തജനലക്ഷങ്ങള്‍ പൊങ്കാല അര്‍പ്പിക്കുമ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍. ഒരു മാസമായി  സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരാണ് പ്രതിഷേധ പൊങ്കാലയിട്ട് സമരം നടത്തുന്നത്. 

    സര്‍ക്കാരിന്റെ കനിവ് തേടിയുള്ള പൊങ്കാലയാണ് ഇടുന്നതെന്ന് ആശാ വര്‍ക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഞങ്ങളുടെ 32 ദിനരാത്രിങ്ങളുടെ വ്രതമാണ് നേര്‍ച്ചയായി സമര്‍പ്പിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും ആശമാര്‍ പറയുന്നു.

    കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആശാമാരുടെ പ്രശ്‌നം വരാത്തതിന്റെ നിരാശയിലും അതൃപ്തിയിലുമാണ് സമരക്കാര്‍. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തര്‍ക്കം ഉടന്‍ തീര്‍ത്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശാമാരുടെ ആവശ്യം. 

    ആശാമാരുടെ ഇന്‍സെന്റീവ് കൂട്ടുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ജെപി നദ്ദ കൂട്ടുന്നത് എത്രയായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. കേരളം ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് കേന്ദ്രമന്ത്രിയും കൊടുത്തിരുന്നുവെന്ന് സംസ്ഥാന ആരോഗ്യമന്ത്രിയും ആവര്‍ത്തിച്ചിരുന്നു. തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം നടത്തി സമരം കടുപ്പിക്കാനാണ് ആശാമാരുടെ നീക്കം.

    അതേസമയം, ആശ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ഉയര്‍ത്തണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ആശമാര്‍ താഴേതട്ടില്‍ നടത്തുന്നത് നിര്‍ണ്ണായക സേവനമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഈ ശുപാര്‍ശ നല്‍കിയത്. നിലവില്‍ 5000 മുതല്‍ 9000 വരെയാണ് ആശ വര്‍ക്കര്‍ക്ക് ധനസഹായം കിട്ടുന്നത്. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് പാര്‍ലമെന്റി കമ്മിറ്റി ചൂണ്ടിക്കാട്ടി. 

     



  • Mar 13, 2025 11:08 IST

    പണ്ടാര അടുപ്പില്‍ തീപകര്‍ന്നു, നിവേദ്യം ഉച്ചയ്ക്ക് 1.15 ന്

    തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാന്‍ തലസ്ഥാനനഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ്. 

    ഉച്ചയ്ക്ക് 1.15 നാണ് നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.

    ഇത്തവണ തലസ്ഥാന നഗരിയില്‍ പൊങ്കാല സമര്‍പ്പണത്തിന് മുന്‍വര്‍ഷങ്ങളിലേക്കാള്‍ തിരക്കാണ്. ഇന്നലെ വൈകീട്ട് ദേവീദര്‍ശനത്തിനായി നീണ്ട ക്യൂ ഉണ്ടായിരുന്നു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. 

    10.15 മണിക്കായിരുന്നു അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം സമര്‍പ്പിക്കുക. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്ലബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും പൊങ്കലയര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകള്‍ നിരന്നിട്ടുണ്ട്.



attukaldevi aattukal pongala Attukal Bhagwati Temple