/kalakaumudi/media/media_files/2025/03/05/PW8kX8XFYRj8EhFF7d4Z.jpg)
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ നടത്തിയ ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.
പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ളതും കേടില്ലാത്തതുമായ ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും കൃത്യമായ പരിശോധനകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊങ്കാല സമയത്ത് പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കഴിവതും കുറയ്ക്കുന്ന രീതിയില്‍ ക്രമീകരണങ്ങളുണ്ടാകണം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും കൃത്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. നല്ല നിലയില്‍തന്നെ ഉത്സവകാര്യങ്ങള്‍ നടക്കും എന്നതിന്റെ സൂചനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ വി.എന്‍. വാസവന്‍, ജി.ആര്‍ അനില്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പൊങ്കാല ഡ്യൂട്ടിക്ക് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 120 പേരും പൊങ്കാല ഉത്സവത്തിന് ഏകദേശം ആയിരത്തോളം വനിതാ പൊലീസുകാരെയും വിന്യസിക്കും. 179 സി.സി.ടി.വി ക്യാമറകള്‍, ഒരു മെയിന്‍ കണ്‍ട്രോള്‍ റൂം കൂടാതെ സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്.
ഇത്തവണത്തെ പൊങ്കാലക്ക് ചരിത്രത്തില്‍ ആദ്യമായി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കും. 450 ജീവനക്കാരെ വിന്യസിക്കുന്നതില്‍ 50 പേര്‍ വനിതകളാണ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പൊങ്കാല ദിവസം 10 മെഡിക്കല്‍ ടീമുകള്‍ അധികമായി പ്രവര്‍ത്തിക്കും.
കുത്തിയോട്ട ദിവസങ്ങളില്‍ ശിശുരോഗവിദഗ്ധന്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. ചൂട് വര്‍ധിച്ച് അസുഖങ്ങള്‍ പിടിപെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി ക്ഷേത്രത്തിന് പരിസരത്ത് 10 സ്ഥലങ്ങളില്‍ കൂളറുകള്‍ സ്ഥാപിക്കും. പൊങ്കാല മഹോത്സവത്തിന് എല്ലാ ദിവസങ്ങളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
മാര്‍ച്ച് 12ന് ആറ് മണി മുതല്‍ 13 വൈകീട്ട് ആറു വരെ ഡ്രൈ ഡേ കര്‍ക്കശമായി നടപ്പാക്കുമെന്ന് എക്‌സ്സൈസ് വകുപ്പ് അറിയിച്ചു. 20 ബസുകള്‍ ചെയിന്‍ സര്‍വിസ് ആയി ഈസ്റ്റ് ഫോര്‍ട്ടില്‍ നിന്ന് ക്ഷേത്രത്തെ ബന്ധിച്ച് സര്‍വീസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ കെ.എസ്.ആര്‍.ടി.സി ചെയ്തിട്ടുണ്ട്. ഏഴുനൂറോളം ബസുകള്‍ പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തില്‍ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുന്ന രീതിയില്‍ ക്രമീകരിക്കും. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്ന് ബജറ്റ് ടൂറിന്റെ ഭാഗമായി നാലായിരത്തോളം സ്ത്രീകളെ തിരുവനന്തപുറത്ത് എത്തിച്ച് പൊങ്കാല ഇടാനുള്ള സൗകര്യങ്ങളും അവര്‍ക്കുള്ള ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വെള്ളം വിതരണവുമായി ബന്ധപെട്ട് ആറ്റുകാല്‍, ചാല-ഫോര്‍ട്ട് മേഖല, ശ്രീവരാഹം എന്നീ മൂന്ന് സോണുകളായി തിരിച്ചാണ് വാട്ടര്‍ അതോറിറ്റി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്. 1,391 കുടിവെള്ള ടാപ്പുകളുടെ പണികള്‍ മാര്‍ച്ച് 10ന് പൂര്‍ത്തിയാക്കും. 50 ഷവറുകള്‍ അമ്പലത്തിന് ചുറ്റും വെക്കുന്നുണ്ട്. 18 സിവറേജ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. പൊങ്കാല ഉത്സവവുമായി മന്ധപ്പെട്ട് 18 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകും. നാല് ട്രെയിനുകള്‍ നാഗാര്‍ക്കോയില്‍ സൈഡിലേക്കും 14 ട്രെയിനുകള്‍ കൊല്ലം ഭാഗത്തേക്കുമായി ക്രമീകരിച്ചിട്ടുണ്ട്.
പൊങ്കാലയോടനുബന്ധിച്ച് 10 റോഡുകളുടെ പണികളാണ് നടത്തിവന്നത്. അതില്‍ 9 റോഡുകളുടെ പണികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബണ്ട് റോഡിന്റെ പണികളാണ് പൂര്‍ത്തിയാക്കാനുള്ളത്. അത് രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ അറിയിച്ചു.1,254 ജീവനക്കാരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയോടനുബന്ധിച്ച് 1,813 പുതിയ തൊഴിലാളികളെക്കൂടി ശുചീകരണത്തിനായി ഏര്‍പ്പെടുത്തും. 84 ടിപ്പര്‍ ലോറികള്‍ മാലിന്യം ശേഖരിക്കുന്നതിനായി സജ്ജമാക്കും. അന്നദാനത്തിനായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി.
ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനായി ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടുത്തി ഗ്രീന്‍ ആര്‍മി രൂപീകരിച്ചിട്ടുണ്ട്. 250 പേരാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഒരുക്കും. മൂന്ന് മൊബൈല്‍ ടോയ്ലെറ്റുകള്‍ ഉണ്ടാകും. ആന്റണി രാജു എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, എ.ഡി.എം ബീന വി ആനന്ദ്, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.