/kalakaumudi/media/media_files/2025/07/20/capture-2025-07-20-09-55-49.jpg)
കൊല്ലം: കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാര്‍ജയിലെ ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിലാണ് കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് കൊലപാതക കുറ്റം ചുമത്തി അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്.
സ്ത്രീധനത്തിന്റെ പേരിലും പ്രതിയായ സതീഷ് അതുല്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്. ഷാര്‍ജയിലെ ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി ഷാര്‍ജയില്‍ ജോലി ചെയ്തുവരികയായിരുന്ന അതുല്യ,പുതിയ ജോലിയല്‍ പ്രവേശിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.
മരിക്കുന്നതിന് മുന്‍പ് അതുല്യ കുടുംബത്തിന് പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നല്‍കിയതായി ബന്ധുക്കള്‍ വ്യക്തമാക്കി. ഈ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഷാര്‍ജ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അതുല്യയുടെ മൃതദേഹം ഷാര്‍ജയിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തേവലക്കര കോയിവിളയിലാണ് അതുല്യയുടെ വീട്.
മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കുഞ്ഞിനുവേണ്ടി അവള്‍ എല്ലാം സഹിക്കുകയായിരുന്നുവെന്നും ഷാര്‍ജയില്‍ ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശിനി അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍ പിള്ള പറഞ്ഞു.
മദ്യപാനം അമിതമാകുമ്പോള്‍ വയലന്റായി ആക്രമിക്കും. കുഞ്ഞിനെ ഏറെ സ്‌നേഹിച്ചിരുന്ന മകള്‍ ഒരിക്കലും ജീവനൊടുക്കില്ല. മരണത്തില്‍ ദുരൂഹതയുണ്ട്. മകള്‍ വിവാഹമോചനത്തെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും അച്ഛന്‍ രാജശേഖരന്‍ പിള്ള പറഞ്ഞു. '18ാം വയസിലായിരുന്നു അതുല്യയുടെ കല്യാണമെന്നും അതിനുപിന്നാലെത്തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അതുല്യയുടെ സുഹൃത്ത് പറഞ്ഞു.