അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു ; റീ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു

മൃതദേഹം ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. അതേസമയം അതുല്യയുടെ മരണത്തില്‍ ഫോറന്‍സിക് ഫലം ലഭിച്ചിരുന്നു.

author-image
Sneha SB
New Update
Capture

കൊല്ലം : ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷമാണ് മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. മൃതദേഹം ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. അതേസമയം അതുല്യയുടെ മരണത്തില്‍ ഫോറന്‍സിക് ഫലം ലഭിച്ചിരുന്നു. മരണത്തില്‍ മറ്റു അസ്വാഭാവികതകള്‍ ഇല്ലെന്നാണ് സൂചന. അതുല്യയുടെ രേഖകള്‍ ഭര്‍ത്താവ് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ഏല്പിച്ചിരുന്നു. 19-ാം തീയതി പുലര്‍ച്ചെയാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 29 കാരിയായ അതുല്യയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവായ സതീഷെന്നാണ് കുടുംബത്തിന്റെ പരാതി. ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ വെച്ച് സതീഷില്‍ നിന്ന് അതുല്യ നേരിട്ടിരുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ പുറത്തുവന്നതോടെ ചവറ തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കൊലക്കുറ്റത്തിനും സ്ത്രീധന, ശാരീരിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിന് കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ഷാര്‍ജയിലുള്ള അതുല്യയുടെ ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.