സംസ്ഥാനത്തെ ഓട്ടോ സ്റ്റാന്‍ഡുകളെ സ്മാര്‍ട്ട് ഹബ്ബുകളാക്കി മാറ്റും

സംസ്ഥാനത്തെ മലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഊർജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി 'പരിസ്ഥിതി സൗഹൃദ ഓട്ടോറിക്ഷകൾ' വാങ്ങാനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം

author-image
Devina
New Update
auto

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ സ്റ്റാൻഡുകളെ സ്മാർട്ട് ഹബ്ബുകളാക്കി മാറ്റുമെന്ന് സർക്കാർ. പൊതുഗതാഗത സംവിധാനത്തിലെ നട്ടെല്ലാണ് ഓട്ടോറിക്ഷ തൊഴിലാളികൾ. കേന്ദ്രസർക്കാർ നയങ്ങളും ഇന്ധന വിലവർധന മൂലവും പ്രതിസന്ധി നേരിടുന്ന ഓട്ടോറിക്ഷ തൊഴിൽ രംഗത്തെ സംരക്ഷിക്കാൻ പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.

പഴയ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച്, പുതിയ ഇലക്ട്രിക് ഓട്ടോകൾ വാങ്ങുന്നവർക്ക് 40,000 രൂപ ഒറ്റത്തവണ സ്‌ക്രാപ്പേജ് ബോണസ് അനുവദിക്കും. ഇലക്ട്രിക് ഓട്ടോകൾ വാങ്ങാനായി തെരഞ്ഞെടുത്ത പൊതുമേഖലാ ബാങ്കുകൾ വഴി എടുക്കുന്ന വായ്പകൾക്ക് രണ്ടു ശതമാനം പലിശ ഇളവ് നൽകും. ഈ പദ്ധതികളുടെ നിർവഹണത്തിനായി 20 കോടി രൂപ മാറ്റിവെക്കുന്നതായി ധനമന്ത്രി ബാലഗോപാൽ അറിയിച്ചു.

സംസ്ഥാനത്തെ മലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഊർജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി 'പരിസ്ഥിതി സൗഹൃദ ഓട്ടോറിക്ഷകൾ' വാങ്ങാനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. പഴയ പെട്രോൾ, ഡീസൽ ഓട്ടോകൾ മാറ്റി ഇലക്ട്രിക് ഓട്ടോകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്ക് ഏറെ ഗുണകരമാണ് ബജറ്റ് പ്രഖ്യാപനം.

കേരളത്തിലെ 5000 ഓളം വരുന്ന അനൗപചാരിക ഓട്ടോ സ്റ്റാന്റുകളെ സ്മാർട്ട് മൈക്രോ ഹബ്ബുകളാക്കി മാറ്റാൻ സർക്കാർ പദ്ധതിയിടുന്നു. ഓരോ സ്ഥലത്തിനും അനുയോജ്യമായ തൊഴിലാളി സൗഹൃദ ഓട്ടോ സ്റ്റാൻഡുകൾ നിർമ്മിക്കും. അവിടെ സോളാർ അധിഷ്ഠിത ചാർജിങ് യൂണിറ്റുകൾ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കും. ഈ പദ്ധതിക്കായി 20 കോടി രൂപ നീക്കിവെക്കുന്നുവെന്നും മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു