ഇപി ജയരാജന്റെ ആത്മകഥയിലെ ഉള്ളടക്കം എന്ന പേരില്‍ ഉപ തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വിവാദം സംബന്ധിച്ച് തുടരന്വേഷണം വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ഇപി നിലപാട് വ്യക്തമാക്കിയിരുന്നു. ഇപി പറയാത്ത പല കാര്യങ്ങളും പുസ്തകമെന്ന പേരില്‍ ഇറങ്ങിയ പിഡിഎഫില്‍ ഉണ്ടായിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. പുസ്തകം എഴുതാന്‍ ഇപി ആര്‍ക്കും കരാര്‍ നല്‍കിയിരുന്നില്ലെന്നും ഡിസി ബുക്‌സ് ജീവനക്കാര്‍ക്കെതിരെയെടുത്ത നടപടി സ്വാഗതാര്‍ഹമാണെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
ഡിസി ബുക്‌സിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. പാര്‍ട്ടിക്ക് ഇപിയെ വിശ്വാസമാണന്നും വിവാദങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി അന്വേഷിക്കില്ലെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.