ഇ പി ജയരാജന്റെ ആത്മകഥ; പബ്ലിക്കേഷന്‍സ് മേധാവിയെ സസ്പെന്റ് ചെയ്തു

പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിയെ സസ്പെന്റ് ചെയ്തതായി ഡി സി ബുക്സ് അറിയിച്ചു. ജയരാജന്റെ പരാതിയില്‍ ഡി സി ബുക്സ് ഉടമ രവി ഡി സിയെ വിളിച്ചുവരുത്തി കോട്ടയം പോലീസ് ഇന്ന് മൊഴിയെടുത്തിരുന്നു.

author-image
Prana
New Update
dc books

സി പി എം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ എന്നപേരില്‍ തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ട് രാഷ്ട്രീയ വിവാദമുണ്ടാക്കിയ പശ്ചാത്തലത്തില്‍ അച്ചടക്ക നടപടിയുമായി ഡി സി ബുക്സ്. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിയെ സസ്പെന്റ് ചെയ്തതായി ഡി സി ബുക്സ് അറിയിച്ചു. ജയരാജന്റെ പരാതിയില്‍ ഡി സി ബുക്സ് ഉടമ രവി ഡി സിയെ വിളിച്ചുവരുത്തി കോട്ടയം പോലീസ് ഇന്ന് മൊഴിയെടുത്തിരുന്നു. രണ്ടുമണിക്കൂര്‍ മൊഴിയെടുത്തതിനു പിന്നാലെയാണ് അച്ചടക്ക നടപടി. ഇ പി ജയരാജന്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ആള്‍ക്കെതിരെയാണ് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി നടപടി സ്വീകരിച്ചത്.
അതേസമയം, ആത്മകഥ പ്രസിദ്ധീകരിക്കാന്‍ സി പി എം നേതാവ് ഇ പി ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഡി സി ബുക്സ് ഉടമ രവി ഡി സി പോലീസില്‍ മൊഴി നല്‍കി.ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡിസിയെ കോട്ടയം ഡിവൈ എസ് പി ഓഫീസില്‍ വിളിച്ചു വരുത്തി രേഖപ്പെടുത്തിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. ഡിവൈ എസ് പി കെ ജി അനീഷ് ആണ് മൊഴിയെടുത്തത്. മുന്‍ നിശ്ചയിച്ച പ്രകാരം ഡിവൈ എസ് പി ഓഫീസില്‍ ഹാജരായ രവി ഡിസിയില്‍ നിന്ന് മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു.  ഇ പി ജയരാജന്റെ മൊഴിയും കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ആത്മകഥയില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയായിരുന്നു ഇ പി ജയരാജന്റെ നിയമനടപടി. ഇ പി ജയരാജന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ ആസൂത്രിതമായി വിവാദ ആത്മകഥാ പരാമര്‍ശം പുറത്തുവിടുകയായിരുന്നുവെന്നാണു കരുതുന്നത്. ആത്മകഥയിലേത് എന്ന പേരില്‍ പുറത്ത് വന്ന ഭാഗങ്ങള്‍ തന്റേതല്ലെന്ന് ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

publication DC books suspension ep jayarajan