സുതാര്യതയുണ്ടാവണം: ആഗോള അയ്യപ്പ സംഗമത്തില്‍ ഹൈക്കോടതി

ശബരിമലയെ ആഗോള തീര്‍ഥാടന കേന്ദ്രമാകാന്‍ ഇത്തരം പരിപാടികള്‍ ആവശ്യമുണ്ടോയെന്നും ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, വി.എം.ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ച് വാക്കാല്‍ ചോദിച്ചു.

author-image
Biju
New Update
ayyappa

കൊച്ചി: ആഗോള അയ്യപ്പ സംഗവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി ഹൈക്കോടതി. പരിപാടിയുടെ നടത്തിപ്പില്‍ സുതാര്യതയുണ്ടാവണമെന്നും ലക്ഷക്കണക്കിനു ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെന്നും ഹൈക്കോടതി അവധിക്കാല ബെഞ്ച് അഭിപ്രായപ്പെട്ടു. 

ശബരിമലയെ ആഗോള തീര്‍ഥാടന കേന്ദ്രമാകാന്‍ ഇത്തരം പരിപാടികള്‍ ആവശ്യമുണ്ടോയെന്നും ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, വി.എം.ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ച് വാക്കാല്‍ ചോദിച്ചു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ദേവസ്വം ബെഞ്ച് മുമ്പാകെയുള്ള ഹര്‍ജിക്കൊപ്പം പരിഗണിക്കാനായി സെപ്റ്റംബര്‍ ഒമ്പതിലേക്ക് മാറ്റി.

ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് കോടതി ആരാഞ്ഞു. ദേവസ്വം ബോര്‍ഡ് ആണ് സംഘടിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലത്തെ ക്രമസമാധാനം, അവിടുത്തെ അടിസ്ഥാന വികസനം തുടങ്ങിയ കാര്യങ്ങില്‍ മാത്രമേ സര്‍ക്കാരിന് പങ്കുള്ളൂ. ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എന്തുകൊണ്ടാണ് ആഗോള അയ്യപ്പ സംഗമം എന്ന് ഇതിനെ വിളിക്കുന്നത് കോടതി ആരാഞ്ഞു. ദേവസ്വം ബോര്‍ഡിന് മറ്റു ക്ഷേത്രങ്ങള്‍ ഉണ്ടല്ലോ എന്നും ശബരിമലയില്‍ മാത്രമാണോ ഈ പരിപാടി? ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയും അയ്യപ്പ സംഗമവും തമ്മില്‍ എന്താണു ബന്ധമെന്നും കോടതി ചോദിച്ചു.

എങ്ങനെയാണു പരിപാടിയുടെ നടത്തിപ്പ് ചിലവ് എന്ന ചോദ്യത്തിനു സ്‌പോണ്‍സര്‍ഷിപ്പ്് വഴിയാണെന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചു. സ്‌പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തില്‍ വ്യക്തതയുണ്ടാവണമെന്നും ലക്ഷക്കണക്കിന് വിശ്വാസികളുമായി ബന്ധപ്പെട്ടതായതിനാല്‍ പരിപാടിയില്‍ സുതാര്യത ഉണ്ടാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. ശബരിമലയെ ആഗോള തീര്‍ഥാടന കേന്ദ്രമാക്കാന്‍ ഇത്തരം പരിപാടി ആവശ്യം ഉണ്ടോയെന്നും കോടതി ചോദിച്ചു. പെരിയാര്‍ കടുവ സങ്കേതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നു ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണം.

ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പ് എങ്ങനെയാണു, പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും എങ്ങനെയാണു തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറുപടി അറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു. 4 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മുടക്കുന്നുണ്ടെന്നും ഇത് രാഷ്ട്രീയ പരിപാടിയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന്റെ മാതൃകയില്‍ പരിപാടികള്‍ നടത്താന്‍ ഭാവിയില്‍ പല മതസ്ഥാപനങ്ങള്‍ക്കും ഇത് പ്രേരണയാവുമെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.

Sabarimala