തെറ്റ് ഏറ്റുപറഞ്ഞ് ഗോപാലകൃഷ്ണന്‍, ക്ഷമിച്ചെന്ന് പി.കെ.ശ്രീമതി

പി.കെ.ശ്രീമതി സംസ്ഥാന ആരോഗ്യമന്ത്രിയായിരിക്കെ മകന്‍ സുധീറിന്റെ കമ്പനിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു വിതരണം ചെയ്യാനുള്ള കരാര്‍ നല്‍കിയെന്ന് ഗോപാലകൃഷ്ണന്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു

author-image
Biju
New Update
dfgdg

കൊച്ചി: തെറ്റ് ഏറ്റുപറഞ്ഞ ഗോപാലകൃഷ്ണനോട് ശ്രീമതി ടീച്ചര്‍ ക്ഷമിച്ചു. അപകീര്‍ത്തി കേസില്‍ ഇന്ന് ഹൈക്കോടതിയില്‍ നേരിട്ടെത്തിയാണു ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ മാപ്പു പറഞ്ഞതും മുന്‍ മന്ത്രി കൂടിയായ സിപിഎം നേതാവ് പി.കെ.ശ്രീമതി ഇത് സ്വീകരിച്ചതും. 

തനിക്കും കുടുംബത്തിനുമെതിരെ ചാനല്‍ ചര്‍ച്ചയില്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ശ്രീമതി നല്‍കിയ പരാതിയിലായിരുന്നു കേസ്. മാനനഷ്ടക്കേസില്‍ ഗോപാലകൃഷ്ണന്‍ ഇന്ന് ഹൈക്കോടതിയില്‍ എത്തി പരസ്യമായി ഖേദം പ്രകടിപ്പിച്ചതോടെ കേസ് ഒത്തുതീര്‍പ്പാവുകയായിരുന്നു. പിന്നീട് മാധ്യമങ്ങള്‍ക്ക് മുമ്പാകെയെത്തിയ ഇരുവരും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

പി.കെ.ശ്രീമതി സംസ്ഥാന ആരോഗ്യമന്ത്രിയായിരിക്കെ മകന്‍ സുധീറിന്റെ കമ്പനിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു വിതരണം ചെയ്യാനുള്ള കരാര്‍ നല്‍കിയെന്ന് ഗോപാലകൃഷ്ണന്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണം പിന്‍വലിച്ച്  മാപ്പു പറയണമെന്നാവശ്യപ്പെട്ട് ശ്രീമതി അദ്ദേഹത്തിന് നോട്ടിസ് അയച്ചു. 

ആവശ്യം ഗോപാലകൃഷ്ണന്‍ നിരസിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ശ്രീമതി കേസ് ഫയല്‍ ചെയ്തു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസ് പൊതുവേദിയില്‍ പറഞ്ഞ കാര്യം താന്‍ ആവര്‍ത്തിക്കുയായിരുന്നു എന്നും എന്നാല്‍ ഇത് തെളിയിക്കാനുള്ള രേഖകള്‍ തന്റെ പക്കല്‍ ഇല്ലെന്നും വ്യക്തമാക്കി ഖേദപ്രകടനത്തിന് ഗോപാലകൃഷ്ണന്‍ തയാറായി. എന്നാല്‍ തനിക്കും കുടുംബത്തിനുമേറ്റ അപമാനം നീക്കുന്ന വിധത്തില്‍ ക്ഷമാപണം നടത്തുകയാണ് വേണ്ടത് എന്നായിരുന്നു ശ്രീമതിയുടെ പ്രതികരണം.

തുടര്‍ന്ന് താന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മാപ്പു പറഞ്ഞതാണെന്നും അതുകൊണ്ട് ഈ കേസ് റദ്ദാക്കണം എന്നും ആവശ്യപ്പെട്ട് ഗോപാലകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു കൂടേ എന്ന് കോടതി ആരാഞ്ഞതു പ്രകാരം ഇരുവരും മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് ഗോപാലകൃഷ്ണന്‍ പി.കെ.ശ്രീമതിയോട് ക്ഷമാപണം നടത്തി. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുമ്പാകെയും പിന്നീട് പങ്കുവച്ചു. ശ്രീമതി ടീച്ചറുടെ മാനസികവിഷമം മാറാത്തതു കൊണ്ടാണ് വീണ്ടും ഖേദം പ്രകടിപ്പിക്കാന്‍ തയാറായതെന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വസ്തുതകള്‍ മനസിലാക്കാതെ വ്യക്തിപരമായി ചാനല്‍ ചര്‍ച്ചകളില്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ ഭൂഷണമല്ലെന്നു ശ്രീമതി പ്രതികരിച്ചു. തനിക്കും മകനും കുടുംബത്തിനും ഉണ്ടായ വിഷമം വലുതായിരുന്നു. അതുകൊണ്ടാണ് കേസുമായി മുന്നോട്ടു പോയത്. അല്ലാതെ അദ്ദേഹത്തെ കേസില്‍ കുടുക്കി പ്രശ്‌നങ്ങള്‍ ഉണ്ടാക്കണം എന്നതായിരുന്നില്ല ലക്ഷ്യം. ഗോപാലകൃഷ്ണന്‍ പറ്റിയ തെറ്റ് ഏറ്റുപറഞ്ഞു, ഖേദം പ്രകടിപ്പിച്ചു എന്നും പി.കെ.ശ്രീമതി വ്യക്തമാക്കി.