കണ്‍സ്യൂമര്‍ ഫെഡില്‍ 1084 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഭരണസമിതിയുടെ നീക്കം

സഹകരണ സെക്രട്ടറിയുടെയും നിയമവകുപ്പിന്റെയും എതിര്‍പ്പ് മറികടന്നാണ് കണ്‍സ്യൂമര്‍ ഫെഡില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നത്.

author-image
Biju
New Update
consu

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം. കണ്‍സ്യൂമര്‍ ഫെഡിലെ 1084 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഭരണസമിതിയുടെ നീക്കം. സഹകരണ സെക്രട്ടറിയുടെയും നിയമവകുപ്പിന്റെയും എതിര്‍പ്പ് മറികടന്നാണ് കണ്‍സ്യൂമര്‍ ഫെഡില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നത്. കോടികളുടെ സഞ്ചിത നഷ്ടമുള്ള സ്ഥാപനത്തില്‍ സ്ഥിരപ്പെടുത്തല്‍ വന്‍ ബാധ്യതയാകുമെന്നാണ് സഹകരണ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. 
 
പത്തുവര്‍ഷത്തിലധികവമായി ജോലി ചെയ്യുന്നുവെന്ന കാരണം മുന്‍നിര്‍ത്തിയാണ് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഏതാനും മാസം മാത്രം ബാക്കി നില്‍ക്കെ ഇതിനോടകം പല സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ഇത്തരം സ്ഥിര നിയമന നീക്കം നടക്കുന്നുണ്ട്. സമാനമായ രീതിയിലാണിപ്പോള്‍ കണ്‍സ്യൂമര്‍ ഫെഡിലും സ്ഥിര നിയമനം നീക്കം നടക്കുന്നത്.

സ്ഥാപനം തന്ന തകര്‍ന്നുപോകുന്ന അവസ്ഥയുണ്ടാകുമെന്നും വലിയ നഷ്ടത്തിലേക്ക് പോകുമെന്നും വ്യക്തമാക്കിയാണ് സഹകരണ സെക്രട്ടറി ഉത്തരവിറക്കിയത്. സുപ്രീം കോടതി ഉത്തരവടക്കം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. എന്നാല്‍, ഇത് വകവക്കാതെയാണ് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയിലേക്ക് നിയമനം വരുകയാണ്. സര്‍ക്കാര്‍ അന്തിമമായി എത്രപേര്‍ക്ക് നിയമനം നല്‍കുമെന്ന് വ്യക്തമായിട്ടില്ല. 1017 പേരാണ് താത്കാലിക അടിസ്ഥാനത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്.