ആലപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമമാണ് വേമ്പനാട് കായല്‍ പുനരുജ്ജീവനമെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എ. പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച മെഗാ ശുചീകരണ കാമ്പയിന്‍ പുന്നമട ഫിനിഷിംഗ് പോയിന്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഫണ്ട് കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ വേമ്പനാട് കായല്‍സംരക്ഷണ പ്രവര്‍ത്തനം നടത്തണം.
വേമ്പനാട് കായലിലും കരയിലും മാറ്റം ഉണ്ടാക്കാന്‍ ആലപ്പുഴയൊന്നാകെ മുന്നിട്ടിറങ്ങുന്ന ഈ ജനകീയ കാമ്പയിനിലൂടെ കഴിയും. വേമ്പനാട് കായല്‍ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുകയും മുന്നിട്ടിറങ്ങുകയും ചെയ്ത ജില്ലാ ഭരണകൂടത്തെ അഭിനന്ദിക്കുന്നതായും എംഎല്‍ പറഞ്ഞു.
എച്ച് സലാം എംഎല്‍എ ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വേമ്പനാട് കായല്‍ സംരക്ഷണം തുടര്‍പ്രവര്‍ത്തനമാക്കി മാറ്റണം. മണ്ണും വെള്ളവും ഒക്കെ സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യനുണ്ട്. കായല്‍സംരക്ഷണവും തോട് ശുചീകരണവുമൊക്കെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ചെയര്‍പെഴ്സണ്‍ കെ കെ ജയമ്മ അധ്യക്ഷത വഹിച്ചു. വേമ്പനാട് കായല്‍ നാശത്തിന്റെ വക്കിലാണെന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂലം മത്സ്യസമ്പത്ത് വന്‍തോതില്‍ കുറഞ്ഞതായും അവര്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, സബ് കളക്ടര്‍ സമീര്‍ കിഷന്‍, അന്തര്‍ദേശീയ കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ജി പത്മകുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ എം ആര്‍ പ്രേം, പി റഹിയാനത്ത്, ഹെലന്‍ ഫെര്‍ണാണ്ടസ്, എ എസ് കവിത, ഡിവൈഎസ്പി മധു ബാബു, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഫ്ളാഗ് ഓഫ് കര്‍മ്മം പി പി ചിത്തരഞ്ജന്‍ എം എല്‍ എ നിര്‍വഹിച്ചു. മല്‍സ്യത്തൊഴിലാളികള്‍, ഹരിത കര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ് ഡി കോളേജ്, സെന്‍റ് ജോസഫ്സ് കോളേജ്, ലജനത്തുല്‍ മുഹമ്മദീയ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍ സി സി കേഡറ്റുകള്‍, എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍, ശുചിത്വമിഷന്‍ ജീവനക്കാര്‍, നഗരസഭ ശുചീകരണ തൊഴിലാളികള്‍, ഡിറ്റിപിസി ജീവനക്കാര്‍, ഹൗസ് ബോട്ട് ഉടമ അസോസിയേഷന്‍ പ്രവര്‍ത്തകര്‍, സോള്‍ജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ്, എ ഡി ആര്‍ എഫ്, കെയര്‍ ഫോര്‍ ആലപ്പി, വാപ് പുറക്കാട് എന്നീ സന്നദ്ധസംഘടനകളിലെ പ്രവര്‍ത്തകരും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. പുന്നമട സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ കേന്ദ്രത്തിലെ 75 ഓളം കനോയിങ്, കയാക്കിങ് വിദ്യാര്‍ഥികള്‍ രാവിലെ 7 ന് തന്നെ പുന്നമട ജെട്ടിയില്‍ നിന്ന് ശുചീകരണം ആരംഭിച്ചിരുന്നു. ഉദ്ഘാടന ചടങ്ങിന് ശേഷം 50 ഓളം വള്ളങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ റോസ് പവലിയന്‍ മുതല്‍ കുരിശടി വരെ വള്ളങ്ങളിലും മറ്റുള്ള സന്നദ്ധപ്രവര്‍ത്തകര്‍ കരയിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാമ്പയിന്റെ ഭാഗമായി ജില്ലയിലെ ബാക്കി 11 കേന്ദ്രങ്ങളിലും രാവിലെ 7.30 മുതല്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കുടിവെള്ളം, പ്രാതല്‍ തുടങ്ങിയവ ശുചീകരണ കേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്നു.
കായല്‍ പുനരുജ്ജീവനം ആലപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമം: എംഎല്‍എ
വേമ്പനാട് കായല്‍ സംരക്ഷണം തുടര്‍പ്രവര്‍ത്തനമാക്കി മാറ്റണം. മണ്ണും വെള്ളവും ഒക്കെ സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യനുണ്ട്. കായല്‍സംരക്ഷണവും തോട് ശുചീകരണവുമൊക്കെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.
New Update