/kalakaumudi/media/media_files/2025/12/04/reji-c-varkey-2025-12-04-12-58-01.jpg)
ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത നിയോഗങ്ങൾ ഏതൊരാളെയും വലിയ ഉയരങ്ങളിൽ എത്തിച്ചേക്കാം. കരിമുക ളിലെ ബാഗൽ ഹോളിഡേയ്സ് എന്ന സ്ഥാപനം പിറന്നതും വളർന്നതും അത്തരമൊരു നിയോഗമാണ്. അതിനെ വെറുമൊരു നിയോഗമെന്നതിനപ്പുറം ദൈവത്തിന്റെ കൃത്യമായ പദ്ധതിയെന്ന് വിശേഷിപ്പിക്കുന്നതാകും കൂടുതൽ ഉത്തമം. കാരണം. ഓർമ്മവച്ചകാലം മുതൽ ദൈവവിശ്വാസത്തിലും വൈദീകകർമ്മങ്ങളിലും ആകൃഷ്ടനായി ജീവിച്ച റെജി സി. വർക്കിയെന്ന ചെറുപ്പക്കാരനാണ് ബാഗൽ ഹോളിഡേയ്സിന്റെ പ്രണേതാവ് എന്നതുതന്നെയാണ്.
1999 നവംബർ 11 ന് ബാഗൽ കമ്യൂണിക്കേഷൻ എന്നപേരിൽ എറണാകുളം കരിമുകളിൽ ചെറിയൊരു ജനസേവകേന്ദ്രവുമായി സംരംഭകത്വത്തിലേക്ക് ഇറങ്ങിയ റെജിയെ ഇന്നുകാണുന്ന ബാഗൽ ഹോളിഡേയ്സ് എന്ന വലിയ പ്രസ്ഥാനത്തിന്റെ അമരക്കാരനാക്കിയത് വിശുദ്ധനാട് തീർത്ഥാടനമെന്ന ദൈവനിയോഗത്തിലൂടെയായിരുന്നു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതിരുന്ന സമയത്ത് വിശുദ്ധനാട് തീർത്ഥാടനമെന്ന പദ്ധതിയിലേക്ക് അപ്രതീക്ഷിതമായി റെജി നിയോഗിക്കപ്പെടുകയായിരുന്നു. 2005 ലാണ് ഡോ. ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്തയുടെ ആത്മീയ നേതൃത്വത്തിൽ
ആദ്യത്തെ ജറുസലേം പുണ്യയാത്ര നടത്തിയത്. അന്ന് തുടങ്ങിയ തീർത്ഥാടനം കൊവിഡ് മഹാമാരിക്കാലം വരെ വർഷത്തിൽ ശരാശരി 3 വീതം ചിലവർഷങ്ങളിൽ 4 യാത്രവരെ മുടങ്ങാതെ നടത്തി. ഓരോ യാത്രയിലും 50 പേർ അടങ്ങുന്ന തീർത്ഥാടകരുമുണ്ടായിരുന്നു. 10 ദിവസത്തെ പാക്കേജാണ്. ഒന്നാം ദിവസം നെടുമ്പാശേരിയിൽ നിന്ന് വിമാനമാർഗം ജോർദ്ദാൻ തലസ്ഥാനമായ അമ്മാനിൽ എത്തും. തുടർന്നുള്ള യാത്രകൾ ബസിലാണ്. നസ്രേത്ത്, ബെത്ലഹേം, ബെദ് സൈദാകുളം, കുരിശിന്റെ വഴി, മാർക്കോസിന്റെ മാളിക, ജെറിക്കോ പരീക്ഷണമല, ചാവുകടൽ, എൻകരേം, ഓശാനവീഥി, സീയോൻ മല, ഗോഗുൽത്താ, ഒലിവുമല, അക്കൽദാമ, മാതാവിന്റെ കബറിടം, യേശുക്രിസ്തു ജനിച്ചസ്ഥലം, ചാപ്പൽ ഒഫ് മിൽക്ക് ഗ്രോട്ടോ, താബ, ചെങ്കടൽ, കെയ്റോ, സെന്റ് കാതറിൻ ആശ്രമം, സീനായ് മല, സൂയസ് കനാൽ, ഈജിപ്ഷ്യൻ മ്യൂസിയം, നൈൽനദി, ഗിസ പിരമിഡ് എന്നിവിടങ്ങൾ സന്ദർശിച്ച് 10 ാം ദിവസം നെടുമ്പാശേരിയിൽ തിരിച്ചെത്തും. പതിനായിരക്കണക്കിന് ആളുകളെ ഇതിനോടകം വിശുദ്ധനാടുകളിലേക്ക് നയിക്കാനുള്ള ഭാഗ്യം ബാഗൽ ഹോളിഡേയ്സിലൂടെ റെജിക്കുണ്ടായി. ആദ്യം ഒരു സബ് ഏജന്റ് എന്ന നിലയിൽ ആയിരുന്നു തുടക്കമെങ്കിൽ ഇന്ന് വിദേശ സ്വദേശ യാത്രകളും വിശുദ്ധനാട് തീർത്ഥാടനങ്ങളുമടക്കം നിരവധി പദ്ധതികൾ സ്വയം നടപ്പിലാക്കുന്ന സംരംഭകനായി റെജി വളർന്നു.
/filters:format(webp)/kalakaumudi/media/media_files/2025/12/04/whatsa-2025-12-04-13-00-42.jpeg)
തുടക്കം അൾത്താര ബാലനിൽ നിന്ന്
ഹോട്ടൽ മാനേജ് മെന്റിൽ ബിരുദം നേടിയ ശേഷമാണ് കരിമുകളിൽ ഇന്നത്തെ അക്ഷയയുടെ പ്രാരംഭരൂപമായ ജനസേവകേന്ദ്രം തുടങ്ങിയത്. എന്നാൽ ചെറുപ്പം മുതൽ ദൈവവിശ്വാസിയും ആത്മീയ കാര്യങ്ങളിൽ ഏറെ തൽപ്പരനുമായിരുന്ന റെജി ഇടവകയിലെ അൾത്താര ബാലന്മാരിൽ പ്രമുഖനുമായിരുന്നു. ഔപചാരികമായി ഒരു വൈദീകൻ ആയില്ലെങ്കിലും വി.വിവാഹം, വി.തൈലാഭിഷേകം, വിശ്വാസികളുടെയും പുരോഹിതരുടെയും മരണാനന്തര കർമ്മങ്ങൾ തുടങ്ങി എല്ലാ തിരുക്കർമ്മങ്ങളും പരിശീലിച്ചിരുന്നു. വന്ദ്യ എബ്രഹാം കോറെപ്പിസ്കോപ്പയിൽ നിന്നാണ് ആത്മീയകാര്യങ്ങളിൽ അറിവ് നേടിയത്. അതുകൊണ്ടുതന്നെ ചെറുപ്പംമുതൽ ഇടവകയിലെ പുരോഹിതരുടെ സ്നേഹവാത്സല്യങ്ങൾ ഏറെ അനുഭവിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.ആത്മീയാചാര്യനായ വെരി. റവ. എബ്രഹാം കോറെപ്പിസ്കോപ്പയുടെ അനുഗ്രഹവും പി.പി. ജോസഫ് നടാപ്പുഴ കത്തനാരുടെ പ്രചോദനവുമാണ് ബാഗൽ എന്ന സംരംഭത്തിന് വഴിത്തിരിവായത്. ഡോ. ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്തയാണ് സ്ഥാപനത്തിന്റെ മുഖ്യ രക്ഷാധികാരി. പി.പി. ജോസഫ് നടാപ്പുഴ കത്തനാരാണ് ഈ സ്ഥാപനത്തെബാഗൽ എന്ന പേര് ചൊല്ലിവിളിച്ചത്. ബാഗൽ എന്ന വാക്കിന് വേഗത്തിൽ എന്നാണ് അർത്ഥം. ആത്മീയാചാര്യൻ വെരി. റവ. എബ്രഹാം കോറെപ്പിസ്കോപ്പ തിരിനാളം തെളിച്ചു.
ബാല്യത്തിൽ മാത്രമല്ല യുവത്വത്തിലും പിന്നീട് ഒരു സംരംഭകൻ എന്നനിലയിൽ സ്വയംപര്യാപ്തനായ കാലത്തുമെല്ലാം ആത്മീയാചാര്യന്മാരുടെ കൈപിടിച്ചുനടക്കാനുള്ള റെജിയുടെ താൽപര്യം പ്രശംസനീയമാണ്. അതുകൊണ്ടുതന്നെ ബാഗലിന്റെ വളർച്ചയിൽ ലഭിക്കുന്ന അകമഴിഞ്ഞ ദൈവാനുഗ്രഹം ആർക്കും കാണാനുമാകും. പേരിനെ അന്വർത്ഥമാക്കുന്ന വേഗതയിലാണ് ബാഗൽ വളരുന്നത്. ആത്മീയ ഗുരുക്കൻമാരിൽ ഏറെ ബഹുമാനിച്ചിരുന്ന കാലം ചെയ്ത ശ്രെഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ വാത്സല്യം ഏറെ നേടുവാൻ കഴിഞ്ഞിരുന്ന വ്യക്തിത്വമാണ്.
/filters:format(webp)/kalakaumudi/media/media_files/2025/12/05/whatsapp-i-2025-12-05-14-59-45.jpeg)
സ്ഥാപനത്തിന്റെ വിപുലീകരണം
വിശുദ്ധനാട് തീർത്ഥാടനത്തിനൊപ്പം ഇടക്കാലത്ത് ഇൻഫോപാർക്കിലെ കമ്പനികൾക്ക് വാഹനം വാടകയ്ക്ക് നല്കുന്ന പുതിയൊരു ബിസിനസ് കൂടി ആരംഭിച്ചു. പിന്നീടാണ് ബാഗൽ അക്കാഡമിയ്ക്ക് തുടക്കം കുറിച്ചത്. പി.എസ്.സി കോച്ചിംഗ്, ഇംഗ്ലീഷ് ഗ്രാമർ, വിദേശ ഭാഷപഠനം, ഐ.ഇ.എൽ.ടി.ഇ.എസ് തുടങ്ങിയ കോഴ്സുകൾ ആരംഭിച്ചു. ഡോക്ടർമാർ, അദ്ധ്യാപകർ, അഭിഭാഷകർ, പ്രൊഫസർമാർ തുടങ്ങി പ്രമുഖരായ ഫാക്കൽറ്റികളാണ് ഇവിടെ ക്ലാസ് എടുക്കുന്നത്.ഇവിടെ നിന്നും പഠിച്ചിറങ്ങിയ മിക്കവരും ഇന്ന് സർക്കാർ സർവീസിലാണ്. രണ്ടാമത്തെ സംരംഭത്തിന്റെ വിജയം മൂന്നാമതൊരു പദ്ധതിക്ക് കൂടി തുടക്കമിടാൻ പ്രേരകമായി. അങ്ങനെയാണ് ബാഗൽ മാട്രിമോണിയൽ സൈറ്റ് ആരംഭിച്ചത്. ഇവിടെ രജിസ്റ്റർ ചെയ്യുന്ന യുവതി യുവാക്കളുടെ പ്രൊഫൈൽ പരിശോധിച്ച് അനുയോജ്യമായ പ്രൊഫൈലുകൾ കൈമാറുക മാത്രമെ ചെയ്യാറുള്ളു. ബാഗൽ എന്ന സംരംഭത്തിന്റെ നാളിതുവരെയുള്ള വളർച്ചയ്ക്ക് പിന്നിൽ അതിലെ ജീവനക്കാരുടെ ആത്മാർത്ഥതയും അർപ്പണബോധവുമാണെന്ന് തുറന്നു സമ്മതിക്കാനും ഈ സംരംഭകന് പിശുക്കില്ല.
/filters:format(webp)/kalakaumudi/media/media_files/2025/12/04/whatsapp-im-2025-12-04-12-58-39.jpeg)
പൊതുരംഗത്തും സജീവസാന്നിദ്ധ്യം
കേരള കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറിയാണ് റെജി സി.വർക്കി. അതോടൊപ്പം യാക്കോബായ സുറിയാനി സഭ മുൻ മാനേജിംഗ് കമ്മിറ്റി അംഗം, അങ്കമാലി ഭദ്രാസന കൗൺസിൽ അംഗം,അങ്കമാലി ഭദ്രാസസനം ഓഡിറ്റർ,എറണാകുളം ജനറൽ ആശുപത്രി വികസന സൊസൈറ്റി അംഗം എന്നീ നിലകളിലും റെജി നാട്ടിലെ സജീവ സാന്നിദ്ധ്യമാണ്. അതോടൊപ്പം ഇടവകയിലെയും സഭയുടെയും ഏത് കാര്യത്തിനും വിളിപ്പുറത്തുള്ള വിശ്വസ്തനായ കുഞ്ഞാടുമാണ്. സ്വന്തം ഇടവകയായ ചെറുതോട്ട് കുന്നേൽ സെന്റ്. ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ മുൻ ട്രസ്റ്റി കൂടിയാണ്. സൺഡേ സ്കൂൾ അധ്യാപനത്തിൽ ഇരുപത്തിഅഞ്ചു വർഷം പിന്നിട്ടു.
കൊവിഡ് മഹാമാരിക്കാലത്ത് ഓൺലൈൻ പഠനത്തിന് അവസരം ഇല്ലാതിരുന്ന 12 കുട്ടികൾക്ക് ബാഗൽ അക്കാഡമിയും അമ്പലമേട് പൊലീസും ചേർന്ന് മൊബൈൽ ഫോൺ വാങ്ങി നല്കിയതുൾപ്പെടെ നിരവധി സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ റെജിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. ബാഗൽ ഹോളിഡേയ്സിന്റെ മുഖ്യരക്ഷാധികാരി കൂടിയായ ഡോ. ഏലിയാസ് മാർ അത്തനാസ്യോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ആദിവാസി മേഖലയിൽ 101 വീടുകൾ നിർമ്മിച്ചുനൽകിയ പദ്ധതിയിലും റെജിയുടെ പങ്കാളിത്തം ഉണ്ടായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയുടെ പാലിയേറ്റിവ് രോഗികളുടെ സ്വപ്നസാക്ഷാൽക്കാരമായി സഫമലമീ യാത്ര എന്ന പേരിൽ വിമാനയാത്ര സംഘടിപ്പിച്ചു, കൊച്ചിയിൽ നിന്ന് ആരംഭിച്ച യാത്ര ബംഗളുരുവിൽ ചെന്ന് തിരിച്ചു കൊച്ചിയിൽ തന്നെ അവസാനിച്ചു. സൗജന്യമായ മരുന്നുകൾ നൽകിക്കൊണ്ട് വിദഗ്ധ രായ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുപത്തിയഞ്ചാം വാർഷികത്തിൽ ഇരുപത്തിയഞ്ചു പേർക്ക് വിവിധ ആവശ്യങ്ങൾക്കായി ധനസഹായം നൽകി. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന സൗജന്യ ഭക്ഷ്യ വിതരണത്തിൽ പങ്കാളിയായി.
കുടുംബം
കരിമുകൽ ചിറപ്പുറത്ത് വർക്കി, ഏലിയാമ്മ ദമ്പതികളുടെ മകനാണ് റെജി. ഭാര്യ ബിനു വർഗീസ് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപിക. മക്കൾ: ഏലീസ മെറീൻ കുര്യാക്കോസ് ( ഡയബറ്റോളജിസ്റ്റ് ) ആൻ മെറിൻ കുര്യാക്കോസ് (നിയമ വിദ്യാർത്ഥിനി).സഹോദരൻ സജീവ് കുടുംബസമേതം വിദേശത്ത് ആണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
