ബൽറാം രാജിവെച്ചിട്ടില്ല, പാർട്ടി നടപടി എടുത്തിട്ടില്ല'; രാജിവാർത്ത തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

പോസ്റ്റിന്‍റെ പേരിൽ ബൽറാമിനെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു

author-image
Devina
New Update
sunny


തിരുവനന്തപുരം: വിവാദ ബീഡി ബിഹാർ പോസ്റ്റ് വിഷയത്തിൽ‌ വി ടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബൽറാം രാജിവെച്ചിട്ടില്ലെന്നും പാർട്ടി നടപടി എടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പോസ്റ്റിൻറെ പേരിൽ ബൽറാമിനെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു. ബൽറാം ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ തുടരുന്നുണ്ട്. അദ്ദേഹം രാജിവെക്കുകയോ പാർട്ടി നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. വിവാദ പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ബൽറാം തന്നെയാണ്. ഡിജിറ്റൽ മീഡിയ സെല്ലിൻറെ ‌പോസ്റ്റുകൾ തയ്യാറാക്കുന്നത് പാർട്ടി അനുഭാവികളായ പ്രൊഫഷണലുകളാണ്. സാമൂഹ്യമാധ്യമ വിഭാഗം പുനസംഘടന പാർട്ടിയുടെ അജണ്ടയി‌ലുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.അതേ സമയം 'ബീഡിയും ബീഹാറും' വിവാദ സോഷ്യൽ മീഡിയ പോസ്റ്റിൽ നിലപാട് വിശദീകരിച്ച് വി ടി ബൽറാം രംഗത്തെത്തി. കെപിസിസി നേതൃയോഗത്തിലാണ് വിശദീകരണം നൽകിയത്. തൻറെ അറിവോടെയല്ല പോസ്റ്റെന്നും വിവാദങ്ങൾ അനാവശ്യമാണെന്നും വി ടി ബൽറാം പറഞ്ഞു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ടീമിന് പറ്റിയ വീഴ്ചയാണ് അതെന്നും പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തിരുത്തിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു. ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ കഴിയാത്തത് നേരത്തെ തന്നെ നേതൃത്വത്തെ ബോധ്യപ്പെടുത്തിയതാണെന്നും വി ടി ബൽറാം കൂട്ടിച്ചേർത്തു.