ബംഗ്ലാദേശി യുവതിയുടെയും പുരുഷ സുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

മനുഷ്യക്കടത്ത് ഏജന്റ് മുഖേനയാണ് യുവതി അതിർത്തികടന്ന് ഇന്ത്യയിലെത്തിയത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കറങ്ങി ബംഗളൂരുവിലെത്തി. അവിടെ വച്ചാണ് ഷാക്തികുമാറിനെ പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്.

author-image
Shyam Kopparambil
New Update
police jeep

പെരുമ്പാവൂർ: പെരുമ്പാവൂരിൽ കഴിഞ്ഞ ദിവസം വ്യാജ തിരിച്ചറിയൽ രേഖകളുമായി പിടിയിലായ ബംഗ്ലാദേശ് കുൽനാസദർ രുപ്ഷാവെരിബാദ് സ്വദേശി തസ്ലീമ ബീഗം (28 ), സുഹൃത്ത് ബീഹാർ നവാദ ചിറ്റാർകോൽ സ്വദേശി ഷാക്തികുമാർ (32) എന്നിവരുടെ അറസ്റ്റ് പെരുമ്പാവൂർ പൊലീസ് രേഖപ്പെടുത്തി.

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ടന്തറ ബംഗാൾ കോളനിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. കൊച്ചി നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച ശേഷം ബുധനാഴ്ചയാണ് ഇവർ കണ്ടന്തറയിലെത്തിയത്. ഉടൻ ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ ഇവരെ കസ്റ്റഡിയിലെടുത്തു.

മനുഷ്യക്കടത്ത് ഏജന്റ് മുഖേനയാണ് യുവതി അതിർത്തികടന്ന് ഇന്ത്യയിലെത്തിയത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കറങ്ങി ബംഗളൂരുവിലെത്തി. അവിടെ വച്ചാണ് ഷാക്തികുമാറിനെ പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്. ജില്ലയിൽ ഇവർ താമസിച്ച സ്ഥലങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

യുവതിയിൽ നിന്ന് വ്യാജ ആധാർ, പാൻ കാർഡുകൾ കണ്ടെടുത്തു. അഞ്ചു മാസമായി ഇവർ കേരളത്തിലുണ്ടെന്നു പറയുന്നു.

ജില്ലാ പൊലീസ് മേധാവി പൊലീസ് ആസ്ഥാനത്ത് രണ്ട് പേരെയും ചോദ്യം ചെയ്‌തു. എൻ.ഐ.എ, ഇന്റലിജൻസ് ബ്യൂറോ, ഭീകരവിരുദ്ധ സ്ക്വാഡ് തുടങ്ങിയവരും ചോദ്യം ചെയ്തു.

ഇൻസ്പെക്ടർ ടി.എം. സൂഫി, സബ് ഇൻസ്പെക്ടർമാരായ പി.എം. റാസിഖ് , റിൻസ് എം. തോമസ്, ലാൽ മോഹൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കൃത്യമായ രേഖകൾ വാങ്ങാതെ വീടുകൾ വാടകയ്‌ക്ക് നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു

kochi Crime