ബാർ പ്രവർത്തനസമയമാറ്റം ;മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ ചർച്ചയായില്ല

പുതിയ പരിഷ്‌കാരം അനുസരിച്ച് ഫൈവ് സ്റ്റാർ ബാറുകൾ അധികഫീസ് അടച്ചാൽ പുലർച്ചെ മൂന്നിന് അടച്ചാൽ മതി. വിവാഹ സൽക്കാരം, കോൺഫറൻസ് ടൂറിസം ഉൾപ്പടെയുള്ള ആവശ്യങ്ങൾ കണക്കിലെടുത്താണ് ഇതെന്നാണ് വാദം

author-image
Devina
New Update
baar

തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം രണ്ട് മണിക്കൂർ കൂട്ടിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് ബാറുടമകളുടെ ദീർഘകാല ആവശ്യം സർക്കാർ സാധിച്ചുകൊടുത്തിരിക്കുന്നത്.

 കൂടിയാലോചനകൾ ഇല്ലാതെ തീരുമാനമെടുത്തതിൽ ഇടുതുമുന്നണിയിൽ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന.2025 സെപ്റ്റംബറിൽ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ നൽകിയ അപേക്ഷയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് നികുതി വകുപ്പ് വിജ്ഞാപനമിറക്കിയത്.

 ഡ്രൈഡേകളിൽ 50,000 രൂപ പ്രത്യേക ഫീസ് ഈടാക്കി മദ്യം വിളമ്പാൻ ബാറുകൾക്ക് കഴിഞ്ഞ മദ്യനയത്തിൽ സർക്കാർ അനുമതി നൽകിയിരുന്നു. അടുത്ത മദ്യനയമിറക്കേണ്ടത് പുതിയ സർക്കാരാണ് എന്നിരിക്കെയാണ് നയത്തിനുമുൻപേ ബാറുകൾക്ക് സർക്കാർ ഇളവ് പ്രഖ്യാപിച്ചത്.ഇതുവരെ വിജ്ഞാപനം ചെയ്യപ്പെട്ട ടൂറിസം കേന്ദ്രങ്ങൡ മാത്രമായിരുന്നു ബാറുകൾക്ക് 10-12 എന്ന സമയം അനുവദിച്ചിരുന്നത്. വിദേശമദ്യ ചട്ടത്തിൽ വരുത്തിയ വരുത്തിയ ഭേദഗതിയോടെ ഇത് എല്ലാ ബാറുകൾക്കും ബാധകമാക്കി.

പുതിയ പരിഷ്‌കാരം അനുസരിച്ച് ഫൈവ് സ്റ്റാർ ബാറുകൾ അധികഫീസ് അടച്ചാൽ പുലർച്ചെ മൂന്നിന് അടച്ചാൽ മതി. വിവാഹ സൽക്കാരം, കോൺഫറൻസ് ടൂറിസം ഉൾപ്പടെയുള്ള ആവശ്യങ്ങൾ കണക്കിലെടുത്താണ് ഇതെന്നാണ് വാദം. എന്നാൽ പിറ്റേദിവസം ഡ്രൈഡേ ആണെങ്കിൽ തലേന്ന് രാത്രി പന്ത്രണ്ടിന് തന്നെ അടയ്ക്കണം.

2025 സെപ്റ്റംബറിൽ തന്നെ ബാറുടമകളുടെ അപേക്ഷയിൽ തീരുമാനമെടുക്കാൻ നികുതി വകുപ്പ് ഫയൽ തുറന്നിരുന്നു. കഴിഞ്ഞ പുതുവത്സത്തലേന്ന് വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് എല്ലാ ബാറുകൾക്കും ഡിസംബർ 31ന് രാത്രി പന്ത്രണ്ട് മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകിയത് അതിന്റെ ഭാഗമായിരുന്നു.