കൊച്ചി: നിർബന്ധപൂർവ്വം യൂസർ ഫീ ഈടാക്കിയിട്ടും ഹരിതകർമ്മസേന തലമുടി മാലിന്യം ഏറ്റെടുക്കാത്തത് സംസ്ഥാനത്തെ ബാർബർ ഷോപ്പുകളെ പ്രതിസന്ധിയിലാക്കുന്നു. ഷോപ്പിന്റെ ലൈസൻസ് പുതുക്കണമെങ്കിൽ ഒരുവർഷത്തെ യൂസർ ഫീ മുൻകൂറായി നൽകണമെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലപാട്. ഏറ്റവും കുറഞ്ഞത് 1200രൂപ മുതൽ ഓരോ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷനും വ്യത്യസ്ത നിരക്കിലാണ് ഫീസ് ഈടാക്കുന്നത്. എന്നാൽ ഹരിത കർമ്മസേന കടയിൽ നിന്ന് മാലിന്യം ശേഖരിക്കുന്നുമില്ല. ഇതേക്കുറിച്ച് പരാതി പറയുമ്പോൾ തലമുടി ഒഴികെയുള്ള മാലിന്യം ഏറ്റെടുക്കാമെന്നാണ് പ്രതികരണം.
പരാതിയുമായി ഹൈക്കോടതിക്ക് മുന്നിൽ
യൂസർ ഫീ ഈടാക്കുന്നുണ്ടെങ്കിൽ സേവനം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിട്ടുമുണ്ട്. സേവനം നൽകാതെ യൂസർഫീസ് ഈടാക്കുന്നതിനെതിരെ തദ്ദേശസ്വയംഭരണ വകുപ്പിനേയും പരിസ്ഥിതി വകുപ്പിനേയും എതിർകക്ഷികളാക്കി കേരള ബാർബർ ആൻഡ് ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ (കെ.എസ്.ബി.എ) ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ജൂൺ 19ന് ഹർജി പരിഗണിച്ച കോടതി രണ്ടാഴ്ചക്കകം മറുപടി സമർപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികൾക്ക് കർശന നിർദ്ദേശം നൽകിയെങ്കിലും പ്രതികരണം ഉണ്ടായില്ല.
50,000ൽപ്പരം ഷോപ്പുകൾ
നിലവിൽ മാസംതോറും കടയിലെ സീറ്റിന്റെ എണ്ണം അനുസരിച്ച് സ്വകാര്യ ഏജൻസികൾക്ക് ഫീസ് നൽകിയിട്ടാണ് ബാർബർ ഷോപ്പുകളിലെ മുടി നീക്കം ചെയ്യുന്നത്. ഇതിൽ പ്രതിമാസം വലിയതുക മാലിന്യ സംസ്കരണത്തിനായി നീക്കിവയ്ക്കാൻ ശേഷിയില്ലാത്തവരുമുണ്ട്.
സ്വകാര്യ ഏജൻസികൾ ഈടാക്കുന്നത്
കസേര ഒന്നിന് മാസം ...............250രൂ.
രണ്ട് കസേര.................................300രൂ.
രണ്ടിൽ കൂടുതൽ ഓരോന്നിനും ...50രൂപവീതം അധികം നൽകണം