യു.ഡി.എഫിൽ ചേരാൻ ബി.ഡി.ജെ.എസ് നീക്കം

തുഷാർ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് ബിജെപി വിട്ട് യുഡിഎഫിലേക്ക് വരാൻ അവസരങ്ങൾ തേടുകയാണ്. പാർട്ടി മുന്നണി മാറണമെന്ന് പാർട്ടി നേതാക്കളിൽ നല്ലൊരു വിഭാഗവും കരുതുന്നു.

author-image
Rajesh T L
New Update
JS

തുഷാർ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് ബിജെപി വിട്ട് യുഡിഎഫിലേക്ക് വരാൻ അവസരങ്ങൾ തേടുകയാണ്.പാർട്ടി മുന്നണി മാറണമെന്ന് പാർട്ടി നേതാക്കളിൽ നല്ലൊരു വിഭാഗവും കരുതുന്നു.എൻഡിഎയിൽ കടുത്ത അവഗണനയാണ് പാർട്ടി നേരിടുന്നതെന്ന് ചില  നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ മുന്നണി മാറാൻ തുഷാർ വെള്ളാപ്പള്ളിക്ക് താൽപര്യമില്ലെന്നും റിപ്പോർട്ടുകളുണ്ട്.ബിജെപി ദേശീയ നേതൃത്വവുമായുള്ള അടുപ്പമാണ് തുഷാറിനെ എൻഡിഎയിൽ നിലയുറപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.
എന്നാൽ, പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് പോലും മുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ബിഡിജെഎസ് നേതാക്കൾ പറയുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മുന്നണിയിൽ ഇനിയും അവഗണന അനുഭവിക്കണോ എന്ന ചോദ്യമാണ് നേതാക്കൾ ഉന്നയിക്കുന്നത്.മുന്നണി മാറ്റവുമായി  ബന്ധപ്പെട്ട്  ഏതാനും കോൺഗ്രസ് നേതാക്കളുമായി അനൗദ്യോഗികമായ  ചർച്ചകൾ നടന്നതായും റിപ്പോർട്ടുണ്ട്.

അടുത്തിടെ തുഷാർ വെള്ളാപ്പള്ളിയുടെ അഭാവത്തിൽ ബി.ഡി.ജെ.എസ് നേതൃയോഗം നടന്നിരുന്നു.അന്നേരമാണ് മുന്നണി മാറ്റണമെന്ന ശക്തമായ ആവശ്യം ഉയർന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലും ആറ്റിങ്ങലിലും തൃശ്ശൂരിലും ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ട് ലഭിക്കാൻ പ്രധാന കാരണം എസ്എൻഡിപി യോഗത്തിൻ്റെ നിലപാടാണെന്ന് ബിഡിജെഎസ് പറയുന്നു.എന്നാൽ, ബിജെപിയിൽ നിന്ന് ആ പരിഗണന പാർട്ടിക്ക് ലഭിക്കുന്നില്ലെന്നും ബിഡിജെഎസ് നേതാക്കൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിക്ക് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം മെച്ചപ്പെടുത്താൻ മുന്നണിയിൽ മാറ്റങ്ങൾ  ആവശ്യമാണെന്ന്  നേതാക്കൾ ഉന്നയിക്കുന്നത്.

BJP BDJS vellapalli natesan NDA