എസ് എൻ ഡി പി പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നതുകൊണ്ട് ലീഗുകാർ എന്നെ മുസ്ലിംവിരോധിയായി കണ്ട് വേട്ടയാടുന്നു ;വെള്ളാപ്പള്ളി നടേശൻ

ഒരു മതത്തിന്റെയും വിശ്വാസത്തെ എതിര്‍ക്കുന്നവരല്ല ഞങ്ങള്‍. ഞങ്ങളുടെ വിശ്വാസം ആരുടെമേലും അടിച്ചേല്‍പ്പിക്കാറില്ല. ഓരോരുത്തരും അവരുടെ വിശ്വാസത്തില്‍ പോകുന്നു

author-image
Devina
New Update
vellappalli

ആലപ്പുഴ: ശ്രീനാരായണ പ്രസ്ഥാനം ഒരു മതത്തിനും എതിരല്ലെന്നും ആ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ഒരു മുസ്ലീം വിരോധിയായി കണ്ടു ലീഗ് വേട്ടയാടുന്നുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു .


അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് 
'ഒരു മതത്തിന്റെയും വിശ്വാസത്തെ എതിര്‍ക്കുന്നവരല്ല ഞങ്ങള്‍. ഞങ്ങളുടെ വിശ്വാസം ആരുടെമേലും അടിച്ചേല്‍പ്പിക്കാറില്ല. ഓരോരുത്തരും അവരുടെ വിശ്വാസത്തില്‍ പോകുന്നു. സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുന്ന നയമാണ് എസ്എന്‍ഡിപിക്ക്.ഞങ്ങള്‍ ഒരു ജാതിക്കും എതിരല്ല.

ആ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എന്നെ ഒരു മുസ്ലീം വിരോധിയായി കണ്ടുവേട്ടയാടുന്നു. ലീഗുകാരാണ് എന്നെ വേട്ടയാടുന്നത്. മുസ്ലീങ്ങളില്‍ എത്രയോ നല്ല ആളുകള്‍ ഉണ്ട്. എസ്എന്‍ഡിപി യോഗത്തിന്റെ കണക്ക് ഓഡിറ്റ് ചെയ്യുന്നത് മുസ്ലീമാണ്.

ഞങ്ങളുടെ കേസ് മുഴുവന്‍ നടത്തി കൊണ്ടിരിക്കുന്നത് ആരാണ്? മുസ്ലീമാണ്. എന്തു തെറ്റാണ് ഞാന്‍ ചെയ്തത്? പിന്നാക്ക സമുദായ മുന്നണിയെന്നും സംവരണ സമുദായ മുന്നണി എന്നും പറഞ്ഞു ഇടതുപക്ഷത്തെ ഇറക്കുന്നതിന് വേണ്ടി ഞങ്ങള്‍ എവിടെയെല്ലാമാണ് സമരം നടത്തിയത്.

 മുന്നില്‍ നിന്നത് ഞാനാണ്. ആളും അര്‍ഥവും നല്‍കിയത് ഞാനാണ്. സമരം നടത്തി യുഡിഎഫ് അധികാരത്തില്‍ വന്നു. എന്നാല്‍ അധികാരത്തില്‍ എത്തിയ ശേഷം ഈഴവ സമുദായത്തിന് നീതി ലഭിച്ചില്ല. ഞങ്ങളെ പരിഗണിക്കാമെന്നല്ലേ പറഞ്ഞത് എന്ന് ചോദിച്ചു. എന്നാല്‍ അവര്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി അവരുടെ കുറവുകള്‍ പരിഹരിച്ചു. എന്നാല്‍ ഞങ്ങളുടെ കുറവുകള്‍ പരിഹരിച്ചില്ല. ഞങ്ങള്‍ക്കും ഉണ്ടായിരുന്നല്ലോ നരേന്ദ്രന്‍ കമ്മീഷന്‍. ആ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ കുറവ് പരിഹരിക്കാന്‍ എന്തുകൊണ്ട് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ അവര്‍ പറഞ്ഞില്ല. അധികാരത്തില്‍ വന്നശേഷം മുസ്ലീങ്ങളുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാരിനെ കൊണ്ട് ഉത്തരവിറക്കി.

 സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി. ഈഴവ സമുദായം ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങള്‍ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നല്ലോ? പിന്നാക്ക സമുദായത്തിന്റെ കുറവ് നരേന്ദ്ര കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അത് ചെയ്തില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ ഉത്തരമില്ല. ശങ്കര്‍ സാറിന് ശേഷം ഈഴവ സമുദായത്തിന് എന്തുകിട്ടി? ഞാന്‍ എന്തുതെറ്റു ചെയ്തു? സ്‌കൂളും കോളജും താ എന്ന് ചോദിച്ചതാണോ തെറ്റ്. മലപ്പുറത്ത് ഈഴവ സമുദായത്തിന് ഒന്നുമില്ലല്ലോ, വയനാട് ഒന്നുമില്ലല്ലോ.കാസര്‍കോടും ഒന്നുമില്ലല്ലോ. മൂന്ന് ജില്ലകളിലും ഒന്നുമില്ലല്ലോ. നോക്കാം എന്ന് പറഞ്ഞതല്ലാതേ ഒന്നും ചെയ്തില്ല'- ലീഗിനെതിരെ വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു .'ആലുവ മണപ്പുറത്ത് കണ്ട ഭാവം പോലും ഉണ്ടായിരുന്നില്ല. അധികാരത്തില്‍ ഇരുന്ന് കൊണ്ട് അവരുടെ വകുപ്പ് അവരുടെ സമുദായത്തിന്റെ വകുപ്പ് ആയി കണ്ട് എല്ലാം ഒപ്പിട്ടെടുത്തു. മതേതരത്വവും ജനാധിപത്യവും പറയുന്ന ലീഗ്,ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജനാധിപത്യത്തെ തകര്‍ത്തവരാണ്. മലപ്പുറത്ത് പ്രഖ്യാപിച്ചില്ലേ അവരുടെ മന്ത്രിമാരെയും വകുപ്പിനെയും. കോണ്‍ഗ്രസിന് എന്തെങ്കിലും ചെയ്യാന്‍ പറ്റിയോ? ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാര്‍. ലീഗുകാര്‍ക്ക് അഹങ്കാരമാണ്. മണിപവറും മസില്‍ പവറും മാന്‍ പവറും ഉപയോഗിച്ചാണ് നേടിയെടുത്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ആലോചിക്കാതെ മന്ത്രിമാരെ പ്രഖ്യാപിക്കുകയും അഞ്ചാമത്തെ മന്ത്രിയെയും കൂടി എടുത്തു. ഇന്ത്യയില്‍ ഇങ്ങനെ ഒരു ചരിത്രമുണ്ടോ? നീതിയും ന്യായവും വിട്ട് ഒന്നും ചെയ്യില്ല എന്ന് പറയുന്ന ലീഗില്‍ സമ്പന്നര്‍ക്ക് മാത്രമല്ലേ മാര്‍ഗമുള്ളൂ. ലീഗുകാര്‍ക്ക് എത്ര കോളജുണ്ട്. മലപ്പുറത്ത് 17 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുണ്ട്. കേരളത്തില്‍ മൊത്തത്തില്‍ എസ്എന്‍ഡിപിക്ക് അത്രയെ ഉള്ളൂ. 17 കോളജുകളും സമ്പന്നരുടെ ട്രസ്റ്റുകള്‍ക്ക് ആണ് കൊടുത്തിരിക്കുന്നത്. മുസ്ലീം സമുദായത്തിന്റെ ആളുകള്‍ക്കല്ല നല്‍കിയത്. ലീഗ് എന്നാല്‍ മലപ്പുറം പാര്‍ട്ടിയാണ്. മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുക്കുകയാണ്. സമ്പന്നരെ സഹായിക്കുന്ന നിലപാടാണ് ലീഗുകാര്‍ക്ക്. തെരഞ്ഞെടുപ്പില്‍ എല്ലാവരും ജയിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങിയപ്പോള്‍ അവര്‍ എന്നെ സമീപിച്ചു. വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ കാശ് ചോദിച്ചവരാണ് അവര്‍. ഒന്നാംകിട നേതാക്കളാണ് എന്നെ സമീപിച്ചത്. വെള്ളാപ്പള്ളി പറയുന്നത് സാധിച്ചു തരാം എന്നാണ് അവര്‍ വാഗ്ദാനം ചെയ്തത്. കുറവുകള്‍ പരിഹരിക്കാം എന്നും പറഞ്ഞു. ഈ സര്‍ക്കാര്‍ പോയി നമ്മുടെ ഭരണം വരാന്‍ ഒരുമിച്ചു പോകണം എന്നും പറഞ്ഞു. എന്നാല്‍ പറ്റില്ല എന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. നിങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നും പറഞ്ഞു. നിങ്ങളെ വിശ്വസിച്ചാല്‍ സമുദായം എന്നെ വിശ്വസിക്കില്ല എന്നും പറഞ്ഞു. എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാര്‍ ആളും അര്‍ഥവും കൊടുത്തവരാണ് ലീഗുകാര്‍'- വെള്ളാപ്പള്ളി പറഞ്ഞു.