മുട്ടിൽ മരം മുറി കേസ് അന്വേഷിച്ചതിൻറെ വിരോധമാണ് വീട്ടമ്മയുടെ ആരോപണങ്ങൾക്ക് പിന്നിൽ; ഡിവൈഎസ്‍പി വിവി ബെന്നി

മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ വേട്ടയാടുകയാണെന്നും വീട്ടമ്മയുടെ പരാതിയിൽ കഴമ്പില്ലെന്നും ബെന്നി പറഞ്ഞു.

author-image
Anagha Rajeev
New Update
dysp vv benny
Listen to this article
0.75x 1x 1.5x
00:00 / 00:00

വീട്ടമ്മയുടെ ആരോപണങ്ങൾക്ക് പിന്നിൽ മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിൻറെ ഭാഗമായുള്ള ഗൂഡാലോചനയാണെന്ന് ഡിവൈഎസ്‍പി വിവി ബെന്നി. മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ വേട്ടയാടുകയാണെന്നും വീട്ടമ്മയുടെ പരാതിയിൽ കഴമ്പില്ലെന്നും ബെന്നി പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കാൻ പരാതി നൽകും. മാനനഷ്ട കേസ് നൽകുമെന്നും വിവി ബെന്നി വ്യക്തമാക്കി.

റിപ്പോർട്ടർ ചാനലാണ് വീട്ടമ്മയുടെ വെളിപ്പെടുത്തൽ എക്സ്ക്ലൂസീവായി പുറത്തുവിട്ടിരുന്നത്. മുട്ടിൽ മരം മുറി കേസിലെ പ്രതികൾ റിപ്പോർട്ടർ ചാനൽ ഉടമകളാണ്. ഈ കേസ് അന്വേഷിക്കുന്നതിന്റെ വിരോധമാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലെന്നാണ് വിവി ബെന്നി പറയുന്നത്. ആരോപണങ്ങൾ പൂർണമായും തെറ്റാണ്. തിരൂർ ഡിവൈഎസ്‍പിയായിരുന്നപ്പോൾ പൊന്നാനി എസ്‍എച്ച്ഒക്കെതിരായ സ്ത്രീയുടെ പരാതി അന്വേഷിക്കാൻ അന്നത്തെ മലപ്പുറം എസ്‍പി സുജിത് ദാസ് നിർദേശം നൽകിയിരുന്നു.

പരാതി അന്വേഷിക്കാൻ ചെന്നപ്പോൾ ശല്യം ചെയ്തുവെന്ന സ്ത്രീയുടെ പരാതിയാണ് അന്വേഷിച്ചത്. പരാതി അന്വേഷിച്ച് അത് വ്യാജമാണെന്ന് തെളിയുകയും എസ്‍പിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതിനുപുറമെ സംഭവത്തിൽ സ്പൈഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തി പരാതിയിൽ കഴമ്പില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് സ്ത്രീയുടെ പരാതി തള്ളിയതാണ്. വിനോദും സുജിത് ദാസും ബലാത്സംഗം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ടാണ് ബെന്നിക്കെതിരെയും സ്ത്രീ വെളിപ്പെടുത്തൽ നടത്തിയത്. ഇത് നിഷേധിച്ചുകൊണ്ടാണിപ്പോൾ ബെന്നി രംഗത്തെത്തിയത്.

2021ൽ സുൽത്താൻ ബത്തേരി ഡിവൈഎസ്‍പിയായിരുന്നപ്പോഴാണ് മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതെന്ന് വിവി ബെന്നി പറഞ്ഞു. ഇപ്പോഴും മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നുണ്ട്. ഇതിലുള്ള വിരോധമാണ് ആരോപണങ്ങൾക്ക് പിന്നിൽ. 100 ശതമാനവും താൻ നിരപരാധിയാണ്. സ്ത്രീയുടെ പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ആരോപണം ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വിവി ബെന്നി വ്യക്തമാക്കി.

DYSP VV Benny