സാമുവൽ മാർ തിയൊഫിലോസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ

ജോഷ്വാ മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പയെ സിനഡ് സെക്രട്ടറിയായും തിര‍ഞ്ഞെടുത്തു. താൽക്കാലിക മെത്രാപ്പോലീത്തയായി ഡോ.സാമുവൽ മോർ തിമോത്തിയോസിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.

author-image
Vishnupriya
New Update
mar

സാമുവൽ മാർ തിയൊഫിലോസ്

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവല്ല : തിരുവല്ല ആസ്ഥാനമായ ബിലീവേഴ്‍സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ.സാമുവൽ മാർ തിയൊഫിലോസ് എപ്പിസ്കോപ്പയെ സിനഡ് യോഗം തിരഞ്ഞെടുത്തു. ചെന്നൈ അതിഭദ്രാസനാധിപനാണ്. കാലം ചെയ്ത മുൻ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. യുഎസിലെ ഡാലസിൽ ഉണ്ടായ അപകടത്തിൽ മേയ് എട്ടിനാണു മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത അന്തരിച്ചത്. ‌

ജൂണ്‍ 22ന് തിരുവല്ല കുറ്റപ്പുഴ സെന്റ് തോമസ് കത്തീഡ്രലിലാകും സ്ഥാനാരോഹണച്ചടങ്ങുകള്‍. ജോഷ്വാ മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പയെ സിനഡ് സെക്രട്ടറിയായും തിര‍ഞ്ഞെടുത്തു. താൽക്കാലിക മെത്രാപ്പോലീത്തയായി ഡോ.സാമുവൽ മോർ തിമോത്തിയോസിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.

പത്തനംതിട്ട ജില്ലയിലെ ചെറുകോൽ കീക്കൊഴൂർ ഓറേത്തു കൈതപ്പതാലിൽ കുടുംബത്തിൽ 1959 ഓഗസ്റ്റ് 27നാണു സാമുവൽ മാർ തിയൊഫിലോസ് ജനിച്ചത്. 17–ാം വയസ്സിൽ സഭാപ്രവർത്തനം ആരംഭിച്ചു. കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തരേന്ത്യ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയിട്ടുണ്ട്.

2004 മുതൽ 2007 വരെ ബിലീവേഴ്സ് ചർച്ചിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. 2007 മുതൽ ഒരു വർഷം തിരുവല്ല മേജർ സെമിനാരിയുടെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. 1987ൽ ഡീക്കൻ ആയ ഇദ്ദേഹം 1997ൽ പുരോഹിതനായും 2006ൽ എപ്പിസ്കോപ്പയായും ഉയർന്നു. മിഷനറി പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ സഭയുടെ ചുമതലകൾ നിറവേറ്റി. ആഴമേറിയ ദൈവസാന്നിധ്യം, നേതൃത്വമാതൃക എന്നീ മലയാളഗ്രന്ഥങ്ങളും     കൂടാതെ ഇംഗ്ലിഷിലും കന്നഡയിലും  പുതിയ സഭാ അധ്യക്ഷൻ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

samuel mor theophilus believers eastern church bishop