/kalakaumudi/media/media_files/GxmOtzGqXJRVSUORQ3fa.jpeg)
Binoy Vishwam
തിരുവനന്തപുരം: പനപോലെ വളരുന്ന ദല്ലാള്‍മാര്‍ മാടിവിളിക്കുമ്പോള്‍ അതില്‍ പെട്ടുപോകാതിരിക്കാന്‍ നേതാക്കള്‍ ജാഗ്രത കാണിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് നേതാക്കള്‍ പാലിക്കേണ്ട ജാഗ്രതയുടെ പ്രധാന്യം ചൂണ്ടിക്കാണിച്ചാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയെ ഇത് ബാധിക്കില്ല. എല്‍ഡിഎഫിന്റെ വിശ്വാസ്യത അപ്പൂപ്പന്‍ താടിയല്ല. നടപടി എടുക്കണോ എന്ന് തീരുമാനിക്കാനുള്ള പക്വത സിപിഐഎമ്മിനുണ്ട്. തിരുത്തല്‍ വേണമെങ്കില്‍ അതും തീരുമാനിക്കാന്‍ സിപിഐഎമ്മിനാകും. സിപിഐയെ ഇരുട്ടിലാക്കി സിപിഐഎം വോട്ടുകച്ചവടത്തിന് പോകില്ല. സിപിഐയെ സിപിഐഎം ചതിക്കണമെങ്കില്‍ കാക്ക മലര്‍ന്നു പറക്കണം. സിപിഐഎം -സിപിഐ ബന്ധം സുതാര്യമാണ്.
ബിജെപിയുമായി ഒരു തരത്തിലും സിപിഐഎം വോട്ടുകച്ചവടം നടത്തില്ല. സിപിഐഎം -സിപിഐ ബന്ധം ദൃഢമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ പി ജയരാജന്‍ മുന്നണിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച സംബന്ധിച്ച് തിരഞ്ഞെടുപ്പ് ദിനത്തില്‍ വെളിപ്പെടുത്തിയ ഇപിയുടെ നടപടി പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനിടെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വിഷയം തിങ്കാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.