മദ്യം ഇനി സ്വിഗ്ഗി വഴിയും കിട്ടും?

പ്രായപൂര്‍ത്തിയായെന്ന രേഖ കാണിച്ചാല്‍ മാത്രം ഓണ്‍ലൈന്‍ വഴി മദ്യം വിറ്റാല്‍ മതിയെന്നാണ് ബെവ്‌കോ എംഡിയുടെ നിര്‍ദ്ദേശം. ബുക് ചെയ്യാന്‍ പ്രത്യേക ആപ് ഉണ്ടാക്കും.

author-image
Biju
New Update
BE

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുന്നതിനുള്ള തീരുമാനവുമായി ബെവ്‌കോ മുന്നോട്ട്. ഇതുസംബന്ധിച്ച വിശദമായ ശുപാര്‍ശ ബെവ്‌കോ എംഡി ഹര്‍ഷിത അത്തല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി മദ്യവില്‍പ്പനക്കൊരുങ്ങുന്നത്. 

ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോ മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കി. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ബെവ്‌കോ എംഡി ഹര്‍ഷിത അത്തല്ലൂരി വ്യക്തമാക്കുന്നത്. മൂന്നുവര്‍ഷം മുമ്പും സര്‍ക്കാരിനോട് ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് അനുമതി തേടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. 

23വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ഓണ്‍ലൈനില്‍ മദ്യം വാങ്ങാന്‍ കഴിയുക. മദ്യം നല്‍കുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നല്‍കണം.  മദ്യവില്‍പ്പന വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. വിനോദ സഞ്ചാരികളടക്കം വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് ബെവ്‌കോ അധികൃതര്‍ വ്യക്തമാക്കുന്നത്. വിദേശ നിര്‍മിത ബിയര്‍ വില്‍പ്പനയും അനുവദിക്കണമെന്ന് ബെവ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9800 കോടിരൂപയാണ് ബെവ്‌കോയുടെ വരുമാനം. ഈവര്‍ഷം വരുമാനം 12000 കോടിയെത്തിക്കാനാണ് നീക്കം ഇതിനായാണ് ഓണ്‍ലൈന്‍ മദ്യവില്പന അടക്കമുള്ള ശുപാര്‍ശകള്‍ മുന്നോട്ട് വെച്ചത്. മദ്യം വീട്ടിലെത്തിക്കാനുള്ള വിശദമായ റിപ്പോര്‍ട്ട് തന്നെയാണ് ബെവ്‌കോ എംഡി ഹര്‍ഷിത അത്തല്ലൂരി തയ്യാറാക്കിയത്.

നേരത്തെ പല തവണ ഈ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. കുട്ടികള്‍ മദ്യം വാങ്ങുമെന്നായിരുന്ന പദ്ധതിക്കെതിരെ എല്ലാകാലത്തും ഉയര്‍ന്ന എതിര്‍പ്പ്. എന്നാല്‍, പ്രായപൂര്‍ത്തിയായെന്ന രേഖ കാണിച്ചാല്‍ മാത്രം ഓണ്‍ലൈന്‍ വഴി മദ്യം വിറ്റാല്‍ മതിയെന്നാണ് ബെവ്‌കോ എംഡിയുടെ നിര്‍ദ്ദേശം. ബുക് ചെയ്യാന്‍ പ്രത്യേക ആപ് ഉണ്ടാക്കും.

വീട്ടിലെത്തിക്കുമ്പോള്‍ ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് പ്രായപൂര്‍ത്തിയായെന്ന രേഖ കാണിക്കണം. ടെണ്ടര്‍ വിളിച്ച് ഡെലിവറി പാര്‍ട്ണറെ തീരുമാനിക്കാമെന്നാണ് ബെവ്‌കോ നിര്‍ദ്ദേശം. ഓണ്‍ലൈന്‍ മദ്യവില്പനക്കൊപ്പം വീര്യം കുറഞ്ഞ മദ്യവും വിപണിയില്‍ ഇറക്കണമെന്നും ബെവ്‌കോ എംഡിയുടെ ശുപാര്‍ശയിലുണ്ട്. ഇതിനായി നികുതി ഘടനയില്‍ മാറ്റവും നിര്‍ദ്ദേശിക്കുന്നു. ഈ നിര്‍ദ്ദേശത്തോട് എക്‌സൈസ് വകുപ്പിന് താല്പര്യമുണ്ട്. വീര്യം കൂടിയുള്ള മദ്യവില്പന വഴി വരുമാനം കുറയുമോയെന്ന ആശങ്ക ധനവകുപ്പിനുണ്ട്. നികുതി ഘടന പുതുക്കിയശേഷം ഈ നിര്‍ദ്ദേശം നടപ്പാക്കാനാണ് ശ്രമം.

 

bevco