/kalakaumudi/media/media_files/2025/07/15/sherin-accuse-2025-07-15-12-17-42.jpg)
തിരുവനന്തപുരം : ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന്റെ ജയില്‍ മോചനം ഉടന്‍ ,മോചനത്തിനായുളള സര്‍ക്കാര്‍ ഉത്തരവിറങ്ങി. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ നേരത്തെ അംഗീകരിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബോണ്ട് പതിപ്പിച്ചാല്‍ ഷെറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം. ജീവപര്യന്തം തടവിന്റെ ഏറ്റവും കുറഞ്ഞ കാലമായ 14 വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഷെറിന്‍ ജയില്‍ മോചിതയാകുന്നത്. 2009 നവംബര്‍ 7നാണ് ഷെറിന്റെ ഭര്‍തൃപിതാവായ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. കാരണവരുടെ കൊലപാതകത്തില്‍ അതിവേഗം തന്നെ പ്രതികളിലേക്ക് എത്താന്‍ പൊലീസിന് സാധിച്ചു. വീടിനകത്തുള്ള ആരുടെയെങ്കിലും സഹായമില്ലാതെ, വീട്ടിലെത്തി, ഭാസ്‌കര കാരണവരെ കൊല്ലാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. അങ്ങനെയാണ് മരുമകള്‍ ഷെറിനും സുഹൃത്തുക്കളും പിടിയിലാകുന്നത്.
വിവിധ ജയിലുകളില്‍ പ്രശ്‌നമുണ്ടാക്കിയ ഷെറിനെ ഒടുവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ശിക്ഷ കാലാവധി പൂര്‍ത്തിയായി സാഹചര്യത്തില്‍ ഷെറിന്‍ നേരത്തെ നല്‍കിയ പരാതി കൂടി പരിഗണിച്ചാണ് ഇപ്പോള്‍ ഇളവ് നല്‍കാനുള്ള തീരുമാനമെടുത്തത്. സ്ത്രീയെന്നുള്ള പരിഗണന കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ഷെറിന് ഒരു മകന്‍ പുറത്തുണ്ട്. ഇത്തരത്തില്‍ പല കാര്യങ്ങള്‍ പരിഗണിച്ച്, ജയില്‍ ഉപദേശക സമിതിയുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.