/kalakaumudi/media/media_files/TYI32r0CvHnwdlhXBxt7.jpg)
വയനാട്ടിലെ ഉരുൾപൊട്ടലിൽ ചൂരൽ മലയിലെയും മുണ്ടക്കൈയിലെയും സർവ്വതും നഷ്ടപ്പെട്ട മനുഷ്യർക്ക് ആശ്വാസത്തിന്റെ കരങ്ങളുമായി നിരവധി സഹായങ്ങളെത്തുന്നുണ്ട്. ദുരിതകാലത്ത് തങ്ങളാൽ കഴിയുന്നത് ദുരിത ബാധിതർക്കായി നീക്കി വയ്ക്കാൻ മലയാളികൾക്ക് മടിയില്ല.
മരുന്നും ഭക്ഷണവും വസ്ത്രങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജില്ലാ ഭരണകൂടങ്ങൾ വഴി വയനാട്ടിലേക്കെത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു പോസ്റ്റുണ്ട്. ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കരയുടേതായിരുന്നു ആ പോസ്റ്റ്.
കുഞ്ഞുമക്കൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’-ഇതായിരുന്നു അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ പോസ്റ്റ്. സജിന്റെ ഭാര്യ ഭാവനയുടെ തീരുമാനപ്രകാരം സജിൻ പങ്കുവച്ചതായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് സജിന് വയനാട്ടിൽ നിന്ന് വിളിയെത്തിയത്. എത്രയും വേഗം വയനാട്ടിലേക്കെത്തണമെന്നായിരുന്നു സജിന് ലഭിച്ച നിർദ്ദേശം. പിന്നെ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല ദമ്പതികൾക്ക്.
നാല് വയസും നാല് മാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുമായി ദമ്പതികൾ വയനാട്ടിലേക്ക് വണ്ടി കയറി. എത്രയും വേഗം എത്തണമെന്ന അറിയിപ്പ് ലഭിച്ചതോടെ കഴിഞ്ഞ രാത്രി തന്നെ കുട്ടികളുമായി ഇരുവരും ഉപജീവന മാർഗ്ഗമായ പിക്ക് അപ്പിൽ യാത്ര തിരിച്ചു. ദുരന്ത ബാധിതരായ നിരവധി കുട്ടികൾക്ക് അമ്മയെ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന ചിന്തയാണ് ഭാവനയെ ഇതിന് പ്രേരിപ്പിച്ചത്. താൻ രണ്ട് കുട്ടികളുടെ മാതാവാണെന്നും അമ്മയില്ലാതാവുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയറിയാമെന്നും ഭാവന പറയുന്നു. ഭാവനയുടെ ചിന്തയ്ക്ക് ഭർത്താവ് സജിൻ പിന്തുണ നൽകുകയായിരുന്നു.