/kalakaumudi/media/media_files/2025/09/23/op-2025-09-23-13-19-05.jpg)
കൊച്ചി: രാജ്യവ്യാപകമായി കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംകൂര്‍ തുടരുകയാണ്. നികുതിവെട്ടിച്ച് കേരളത്തിലെത്തിച്ച വാഹനങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഇതുവരെ ലഭിച്ച കണക്കുകള്‍ പ്രകാരം 198 വാഹനങ്ങള്‍ എത്തിച്ചുവെന്നാണ് പ്രാഥമിക വിവരം.
മുഴുവന്‍ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് കസ്റ്റംസ് നീക്കം. പരിശോധന തുടരുന്നതിനിടെ സംസ്ഥാനത്ത് നിന്ന് 20ഓളം ആഡംബര എസ്‌യുവി വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നു മാത്രമായി 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഓഫീസിലേക്ക് എത്തിക്കും.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴിടത്താണ് പരിശോധന നടക്കുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനം വാങ്ങിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. നാഷണല്‍ ടിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നിവരാണ് വാഹനം വാങ്ങിയത്. രണ്ടു വാഹനങ്ങളും ബെംഗളൂരുവിലാണ് നിലവിലുള്ളത്.
Also Read:
കസ്റ്റംസ് നികുതിയടക്കം വെട്ടികൊണ്ട് വാഹനങ്ങള്‍ അനധികൃതമായി ഇറക്കുമതി ചെയ്തുവെന്ന കണ്ടെത്തലിലാണ് അന്വേഷണം. ഭൂട്ടാനില്‍ നിന്നുള്ള വാഹന ഇറക്കുമതിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇന്ന് വൈകിട്ട് 6.30ന് കൊച്ചിയില്‍ കസ്റ്റംസ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
കേരള-ലക്ഷദ്വീപ് ചുമതലയുള്ള കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറാകും വാര്‍ത്താസമ്മേളനം നടത്തുക.ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ നികുതിവെച്ചിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ് നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുല്‍ഖര്‍ സല്‍മാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.
മമ്മൂട്ടിയുടെ വീട്ടിലും പരിശോധന
മമ്മൂട്ടിയുടെ പഴയ വീട്ടിലെ കാറുകള്‍ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലും പരിശോധന നടത്തുന്നുണ്ട്. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിലുണ്ട്. വാഹനങ്ങളുടെ രേഖകളടക്കമാണ് പരിശോധിക്കുന്നത്. നടന്മാരുടെ വീടുകളിലടക്കം കേരളത്തില്‍ മുപ്പതിടങ്ങളിലാണ് കസ്റ്റംസ് ഇന്ന് പരിശോധന നടത്തുന്നത്.
കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. കോഴിക്കോട് തൊണ്ടയാട് റോഡ് വേ യൂസ്ഡ് കാര്‍ ഷോ റൂമിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷനരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ പരിശോധന നടത്താതെ മടങ്ങിപ്പോകുകയായിരുന്നു.
ഓപ്പറേഷന്‍ നുംഖാര്‍ എന്ന പേരിലാണ് സംസ്ഥാന വ്യാപക പരിശോധന നടക്കുന്നത്. സിനിമ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് അടക്കമുള്ള സിനിമ താരങ്ങള്‍ക്ക് പുറമെ, വ്യവസായ പ്രമുഖരുടെ വീടുകളിലും കാര്‍ ഡീലര്‍മാരുടെ ഷോറൂമുകളിലും പരിശോധന നടക്കുകയാണ്. ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ചത് അടക്കമുള്ള എസ്‌യുവികളാണ് ഇറക്കുമതി നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചത്.
ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ്, യുപി തുടങ്ങിയ ഇടങ്ങളില്‍ എത്തിച്ച് വ്യാജ രജിസ്‌ട്രേഷന്‍ ഉണ്ടാക്കും. പിന്നീട് രാജ്യത്തെ പല ഭാഗങ്ങളിലേക്കും എത്തിച്ച് റി രജിസ്റ്റര്‍ ചെയ്യും. ഈ വാഹനങ്ങളാണ് സിനിമ താരങ്ങളും വ്യവസായികളും വാങ്ങിക്കൂട്ടിയത്.
റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും ഏറെ കാലമായി നടത്തിയ രഹസ്യ വിവരശേഖരണത്തിന് ഒടുവിലാണ് ഇന്നത്തെ റെയ്ഡ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വാഹങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ 200% തീരുവ അടയ്ക്കണം. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ രാജ്യത്ത് ഇറക്കുമതി ചെയ്യാനുള്ള അനുമതിയുമില്ല. ഇതെല്ലാം മറികടന്നുള്ള വന്‍ റാക്കറ്റ് തട്ടിപ്പിന് പിന്നില്‍ ഉണ്ടെന്നാണ് വിവരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
