/kalakaumudi/media/media_files/2025/03/22/Y0ZaWwuIvcuoqszbZfan.jpg)
biju Photograph: (google)
ഇടുക്കി: തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. കേസിൽ കസ്റ്റഡിയിലെടുത്ത മൂന്ന് ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പന്ത്രണ്ടായിരം രൂപ ക്വട്ടേഷന് മുൻകൂർ നൽകിയതായി കണ്ടെത്തിയെന്ന് ഇടുക്കി എസ്പി ടി.കെ വിഷ്ണുപ്രദീപ് പറഞ്ഞു. തട്ടിക്കൊണ്ട് പോകുമ്പോൾ പ്രതി ജോമോനും ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.ഇന്ന് വൈകീട്ടാണ് ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഗോഡൗണിലെ വേസ്റ്റ് കുഴി പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.വ്യാഴാഴ്ച പുലർച്ചെ മുതൽ ബിജുവിനെ കാണാനില്ലെന്ന കുടുംബാംഗങ്ങളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. ബിസിനസ് പങ്കാളിയായ ജോമോനും ബിജു ജോസഫും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നതായും ജോമോൻ ക്വട്ടേഷൻ സഹായം തേടിയെന്ന വിവരങ്ങളും പോലീസിന് ലഭിച്ചു. തുടർന്ന് ജോമോനെയും സംഘത്തെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.ബിജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്നും മരിച്ചതോടെ മൃതദേഹം കലയന്താനിയിലെ ക്യാറ്ററിംഗ് ഗോഡൗണിൽ മറവ് ചെയ്തെന്നുമായിരുന്നു മൊഴി. പോലീസിൻ്റെ തുടരന്വേഷണത്തിൽ മൃതദേഹം ഗോഡൗണിലെ മാലിന്യടാങ്കിൽ നിന്ന് കണ്ടെത്തി.