/kalakaumudi/media/media_files/2025/07/04/bindhu-2025-07-04-10-15-50.png)
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച മരിച്ച ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. തലയോലപ്പറമ്പിലെ വീട്ടിലാണ് മൃതദേഹം എത്തിച്ചത്. മക്കളും ഭര്‍ത്താവും ഉറ്റവരും ബിന്ദുവിനെ അവസാനമായി കണ്ടു.ബിന്ദുവിനെ അവസാനമായി കാണാനും ബിന്ദുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനും നാട്ടുകാര്‍ വീട്ടിലേക്ക് ഒഴുകിയെത്തി. രാവിലെ 11മണിയോടെയാണ് സംസ്‌കാരം നടക്കുക. മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ വിമര്‍ശനവും പ്രതിഷേധവും ശക്തമാവുകയാണ്. കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്‌നസ് ഇല്ലായിരുന്നെന്ന് ആര്‍പ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ കെ. ഫിലിപ്പ് പറയുന്നത്.മെഡിക്കല്‍ കോളേജിലെ കാര്യങ്ങള്‍ പഞ്ചായത്തിനെ അറിയിക്കാറില്ലെന്നും,നിയമങ്ങളെ വളച്ചൊടിക്കുന്ന നിലപാടാണ് അധികൃതര്‍ക്കെന്നും ആക്ഷേപമുണ്ട്.നിലവില്‍ അപകടകരമായ കെട്ടിടങ്ങളുടെ അവസ്ഥയറിക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
അപകടത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും.അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ കളക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം. രക്ഷാപ്രവര്‍ത്തനത്തിലുണ്ടായ കാലതാമസം അടക്കം കളക്ടറുടെ സംഘം അന്വേഷിക്കും.