ബിന്ദുവിന്റെ സംസ്‌കാരം പൂര്‍ത്തിയായി ; സ്ഥലമില്ലാത്തതിനാല്‍ ചിതയൊരുങ്ങിയത് സഹോദരിയുടെ വീട്ടുവളപ്പില്‍

ബിന്ദുവിനെ ഒരു നോക്കു കാണാനും ആദരാജ്ഞലി അര്‍പ്പിക്കാനും ഒരു നാട് മുഴുവന്‍ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു.

author-image
Sneha SB
New Update
BINDU CREMATION

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നു വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്‌കാരം പൂര്‍ത്തിയായി.സ്ഥലമില്ലാത്തതിനാല്‍ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്.ബിന്ദുവിനെ ഒരു നോക്കു കാണാനും ആദരാജ്ഞലി അര്‍പ്പിക്കാനും ഒരു നാട് മുഴുവന്‍ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു.ഒരു കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മരിച്ച ബിന്ദു.മകള്‍ നവമിയുടെ ശസ്ത്രക്രിയക്കായി കൂട്ടിരിപ്പുകാരിയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയതായിരുന്നു ബിന്ദു. ഇന്നലെ രാവിലെ 11 മണിയോടെ തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടര മണിക്കൂര്‍ നേരമാണ് ബിന്ദു കുടുങ്ങിക്കിടന്നത്.പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധം ഉണ്ടായിരുന്നില്ല.അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ബിന്ദു മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു.ആദ്യമായി കിട്ടിയ ശമ്പളം ഇന്നലെ അമ്മയുടെ കയ്യിലേല്‍പിക്കാന്‍ കാത്തിരുന്നതാണ് മകന്‍ നവനീത്.എന്നാല്‍ തന്റെ അമ്മയുടെ ചേതനയറ്റ ശരീരമാണ് ആ മകന് കാണേണ്ടിവന്നത്.തനിക്ക് കൂട്ടിരിക്കാന്‍ വന്ന അമ്മ ഇനിയില്ലെന്ന് മകള്‍ നവമിക്കും ഉള്‍ക്കൊള്ളാനായിട്ടില്ല.രണ്ടുപേരുടെയും കണ്ണീര് കേരളത്തിന്റെ നെഞ്ചില്‍ തളം കെട്ടിക്കിടക്കുകയാണ്.രക്ഷാപ്രവര്‍ത്തനം നേരത്തെ നടത്തിയിരുന്നെങ്കില്‍ തന്റെ ഭാര്യയെ രക്ഷിക്കാമായിരുന്നു എന്ന് ബിന്ദുവിന്റെ ഭര്‍ത്താവും പറയുന്നു.

funeral