തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളെ സംസ്ഥാന സർക്കാർ ഗൗരവകരമായി കണ്ട് തീരുമാനമെടുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എംഎൽഎയുടെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും ചിന്തിച്ച് നടപടിയെടുക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾ ഇടതുപക്ഷ സ്വഭാവമുള്ളതായിരിക്കണമെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു. തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിൽ സംശയമുണ്ടായിരുന്നു. അത് സംഭവിച്ചത് സ്വാഭാവിക നടപടിയല്ല. ഗൗരവത്തിൽ തന്നെ അതിനെ കാണണം. ഓരോ ആരോപണങ്ങളും ഗൗരവമുള്ളതാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
അതേസമയം പിവി അൻവർ എംഎൽഎ സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി സിപിഎം അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് എതിരായ ആരോപണങ്ങൾ അന്വേഷിക്കാനാണ് പാർട്ടി തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചർച്ച ചെയ്യും. അതേസമയം അൻവറിന്റെ പരാതി ഗൗരവത്തോടെ കാണണമെന്ന് നേതൃത്വത്തിന്റെ ധാരണ.
മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും കൈമാറിയെന്ന് പി വി അൻവർ എംഎൽഎ അറിയിച്ചിരുന്നു. ലക്ഷക്കണക്കിന് സഖാക്കൾ പറയാൻ ആഗ്രഹിച്ചതാണ് താൻ പറഞ്ഞതെന്നും ജനങ്ങളുടെ വികാരമാണതെന്നും വ്യക്തമാക്കിയ അൻവർ വിശ്വസിച്ച് ഏൽപ്പിച്ച ആൾ തന്നെ ചതിക്കുമോയെന്നും ചോദിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.