/kalakaumudi/media/media_files/2025/02/28/ySRNtRnCw9E5U8RiWmSQ.jpg)
കൊച്ചി : വിവാദങ്ങള്‍ക്കിടെ സിപിഐ മുന്‍ ജില്ലാ സെക്രട്ടറി പി.രാജുവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എത്തി. രാജുവിന്റെ വീട്ടിലെത്തിയാണ് ബിനോയ് വിശ്വം അന്തിമോപചാരം അര്‍പ്പിച്ചത്. രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിനു വയ്ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചിരുന്നു. പകരം പറവൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളിലായിരുന്നു പൊതുദര്‍ശനം.
രാജുവിനെ ദ്രോഹിച്ചവര്‍ സംസ്‌കാരത്തിനു വരേണ്ടതില്ലെന്നാണ് കുടുംബം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അതിനൊപ്പമാണ് പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനം വേണ്ട എന്ന തീരുമാനവും. സിപിഐ പറവൂര്‍ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഭാര്യ പറവൂര്‍ സഹകരണ ബാങ്ക് റിട്ട. അസി. സെക്രട്ടറി ലതികയും അധ്യാപികയായ മകള്‍ സിന്ധുവും ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു എന്നാണ് വിവരം.
അതിനിടെ, ഇല്ലാത്ത ചില പ്രശ്‌നങ്ങളുടെ പേരില്‍ രാജുവിനെ വ്യക്തിഹത്യ നടത്തുകയും ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിലൂടെ നേടിയ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നു എന്നാരോപിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മയിലും രംഗത്തെത്തി. മരണം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് ബിനോയ് വിശ്വം രാജുവിന്റെ വീട്ടിലെത്തിയത്.