/kalakaumudi/media/media_files/2025/02/19/wqDZ0QQSEpb7il31ZL97.jpg)
തിരുവനന്തപുരം: സിപിഐ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ അഭാവമുണ്ടെന്നും ബ്രാഞ്ച് സമ്മേളനങ്ങളില്‍ അതു പ്രകടമായിരുന്നുവെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ രാഷ്ട്രീയചര്‍ച്ച ഉദ്ദേശിക്കുന്ന തരത്തില്‍ ഉണ്ടാകുന്നില്ലെന്ന് കത്തില്‍ പറയുന്നു. രാഷ്ട്രീയ ബോധത്തിന്റെ കുറവ് മൂലമാണിത്. ബ്രാഞ്ച് സമ്മേളനങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ശുഷ്‌കമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മേല്‍ഘടകങ്ങള്‍ ഏല്‍പ്പിച്ച കാര്യങ്ങള്‍ യാന്ത്രികമായി ചെയ്യുന്നതിന്റെ വിരസവിവരണം മാത്രമായി റിപ്പോര്‍ട്ടുകള്‍ മാറി. നവയുഗം ദ്വൈവാരികയിലാണു സംസ്ഥാന സെക്രട്ടറിയുടെ കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. താഴേത്തട്ടിലെ പോരായ്മയുടെ ഉത്തരവാദിത്തം സംസ്ഥാന സെന്റര്‍ വരെയുള്ള മേല്‍ഘടകങ്ങള്‍ ആണെന്നും സ്വയം വിമര്‍ശനാത്മകമായി ബിനോയ് വിശ്വം കത്തില്‍ വ്യക്തമാക്കുന്നു.
ഇടതുപക്ഷ രാഷ്ട്രീയം ശക്തമാക്കുന്നതിനു വേണ്ടിയാണു പല വിഷയങ്ങളിലും മുന്നണിയില്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നതെന്നും വിശദീകരിച്ചിട്ടുണ്ട്. ബ്രാഞ്ച് സമ്മേളനങ്ങള്‍ കഴിഞ്ഞ് ലോക്കല്‍ സമ്മേളനകാലത്തേക്ക് സിപിഐ കടക്കുന്നതിനിടെയാണ് കത്ത് എഴുതിയിരിക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ ജനങ്ങള്‍ക്കിടയില്‍ ജലത്തിലെ മത്സ്യത്തെ പോലെ ജീവിക്കണമെന്നാണ് ആചാര്യന്മാര്‍ പഠിപ്പിച്ചിരിക്കുന്നത്. അതിന്റെ അര്‍ഥമറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ നമുക്ക് ഇനിയും ബഹുദൂരം സഞ്ചരിക്കണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നു.